വൈദ്യുതിലൈൻ റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാക്കി മലയോരകർഷകർ
1579586
Tuesday, July 29, 2025 1:38 AM IST
വടക്കഞ്ചേരി: പാലക്കുഴി മലമ്പ്രദേശത്തേക്കുള്ള വൈദ്യുതി ലൈൻ കണിച്ചിപരുതയിൽ നിന്നും റോഡ് വഴിയാക്കണമെന്ന ആവശ്യം ശക്തമാക്കി മലയോരവാസികൾ സമരരംഗത്തേക്ക്. നിലവിൽ താഴെ കൊന്നക്കൽകടവിൽനിന്നും കുത്തനെയുള്ള മലഞ്ചെരുവിലൂടെ കാടിനുള്ളിലൂടെയാണ് വൈദ്യുതിലൈൻ ഇരിക്കണപാറ വഴി പാലക്കുഴി അഞ്ചുമുക്കിലെത്തുന്നത്. കാടിനുള്ളിലെ ലൈനിൽ ഇടയ്ക്കിടെ മരംവീണും മരക്കൊമ്പ് വീണും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായും പാലക്കുഴിയിൽ കറന്റില്ല. ഇതുമൂലം വൈദ്യുതോപകരണങ്ങളും കുടിവെള്ള സംവിധാനങ്ങളും താറുമാറായി. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് മലയോര കർഷക കുടുംബങ്ങൾ. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ പോലും മുടങ്ങുന്ന സ്ഥിതിയായി. കറന്റില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന അവശ്യമരുന്നുകൾ ഉൾപ്പെടെ സാധനങ്ങളെല്ലാം കേടുവന്നതായി ഊന്നുപാലത്തിൽ ജോസ് പറഞ്ഞു. കഴിഞ്ഞവർഷം ജൂലൈ ഒടുവിലും ഇത്തരത്തിൽ ഒരാഴ്ചയോളം കറന്റ് ഇല്ലാത്ത സ്ഥിതി വന്നു.
മലഞ്ചെരുവിൽ ഉരുൾപൊട്ടലുണ്ടായി പോസ്റ്റുകൾ കൂട്ടത്തോടെ തകരുകയായിരുന്നു. പിന്നീട് പഞ്ചായത്ത് മെംബർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ പാലക്കുഴിയിലെ നാല്പതോളം ചെറുപ്പക്കാർ സംഘടിച്ച് വടംകെട്ടി പോസ്റ്റുകൾ താഴെ ഇറക്കിയാണ് ലൈനുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
താഴെ കൊന്നക്കൽകടവിൽ നിന്നും കിലോമീറ്ററുകളേറെ ദൂരം വൈദ്യുതി ലൈൻ കടന്നുപോകുന്നത് തെന്നുന്ന പാറക്കൂട്ടങ്ങളും പെരുംകാടിനുളളിലൂടെയാണ്. ഇതിനാൽ എവിടെയാണ് ലൈൻ തകരാർ എന്ന് കണ്ടുപിടിക്കാൻ പോലും പലപ്പോഴും സമയമെടുക്കുന്ന സാഹചര്യമുണ്ട്. കരടി, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളുള്ള പ്രദേശത്തുകൂടിയാണ് ലൈൻ പോകുന്നത്. ഇതിനാൽ അതിസാഹസികമായ പരിശോധന നടത്തിയാണ് തകരാർ കണ്ടെത്തി പലപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രക്രിയ നടക്കുന്നത്. കണച്ചിപരുതയിൽ നിന്നുള്ള ടാർ റോഡിലൂടെ പൂതനക്കയം വരെ വൈദ്യുതി ലൈൻ എത്തിയിട്ടുണ്ട്. അവിടെ നിന്നും നാലു കിലോമീറ്റർ കൂടി ലൈൻ വലിച്ചാൽ പോസ്റ്റുകളുള്ള പാലക്കുഴി അഞ്ചുമുക്കിലെത്തും.
പാലക്കുഴികാർ നിരവധി തവണ ആവശ്യപ്പെടുന്നതാണ് ഇക്കാര്യം. വൈദ്യുതി ലൈൻ റോഡ് വഴിയാക്കിയാൽ അത് കെഎസ്ഇബി ക്കും വലിയ ആശ്വാസമാകും. ദിവസങ്ങൾ നീളുന്ന ലൈൻ വർക്കുകളും ഇതോടെ ഒഴിവാകും. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഇനിയും വൈകിയാൽ സമരമാർഗമല്ലാതെ തങ്ങൾക്കു മുന്നിൽ മറ്റുവഴികളില്ലെന്നാണ് മലയോരകർഷകർ പറയുന്നത്.