സംസ്ഥാനത്ത് 50 സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
1579859
Wednesday, July 30, 2025 1:48 AM IST
പാലക്കാട്: സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കർ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റാൻ കഴിയുമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം പ്രകാരം സ്വകാര്യ സംരംഭകരുമായി സഹകരിച്ച് നടപ്പാക്കുന്ന മുളഞ്ഞൂർ ഹൈടെക് ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വ്യവസായരംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സാധ്യതകൾ, ഉത്പാദന ശേഷി എന്നിവ വളർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒറ്റപ്പാലത്തെ ഡിഫൻസ് പാർക്ക് മൾട്ടി പാർക്ക് ആക്കുന്നതിനുള്ള തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു. കടന്പൂർ ഇൻഡസ്ട്രിയൽ പാർക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാടൻ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ച് വ്യവസായം ആരംഭിക്കാൻ തയ്യാറായാൽ അത് സാധാരണ കർഷകർക്ക് കൂടി ഉപകാരപ്രദമാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.
മുളഞ്ഞൂർ ഹൈടെക് ഇന്റസ്ട്രിയൽ പാർക്കിൽ നടന്ന പരിപാടിയിൽ കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാമുദ്ദീൻ അധ്യക്ഷനായി. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ വ്യവസായകേന്ദ്രം മാനേജിംഗ് ഡയറക്ടർ ബെനഡിക്ട് വില്യം ജോണ്സ്, ഹൈടെക് ഇൻഡസ്ട്രിയൽ മാനേജിംഗ് പാർട്ണർ ടി.വി. മമ്മു, കടന്പൂർ ഇൻസ്ട്രിയൽപാർക്ക് മാനേജിംഗ് പാർട്ണർ എൻ. ഹംസ പങ്കെടുത്തു.