ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങൾ
1580232
Thursday, July 31, 2025 7:08 AM IST
ഭാരതം നവീന കൊളോസിയമാകുന്നു: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: ഛത്തീസ്ഗഡിൽ രണ്ടു മലയാളി സന്യസ്തരെ വ്യാജ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ്ചെയ്ത കിരാതനടപടിയിൽ പ്രതിഷേധിച്ച് സുൽത്താൻപേട്ട രൂപത പ്രതിഷേധറാലിയും സമ്മേളനവും സംഘടിപ്പിച്ചു.

പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഭാരതം നവീന കൊളോസിയം ആയിക്കൊണ്ടിരിക്കുന്നെന്നും ഇതിനെതിരെ ഒരുമിച്ചുനിൽക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവസഭ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നതാണെന്നും സന്യസ്തരുടെ അറസ്റ്റ് തികച്ചും അപലപനീയമാണെന്നും സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. അന്തോണിസാമി പീറ്റർ അബീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച റാലി രൂപത പ്രോക്യുറേറ്റർ ഫാ. ആന്റണി സേവ്യർ പയസ് ഫ്ളാഗ്ഓഫ് ചെയ്തു. ഫാ. വിജീഷ്, സിസ്റ്റർ ട്രീസ, കെഎൽസിഡബ്ലിയുഎ സെക്രട്ടറി ഷീബ ജോണ്, കെസിവൈഎം ഫൊറോന പ്രസിഡന്റ് മറിയം വോയ്സ്, സിസ്റ്റർ ലളിത എന്നിവർ പ്രതിഷേധം അറിയിച്ചു. സുൽത്താൻപേട്ട രൂപത വികാരി ജനറാൾ ഫാ. മരിയ ജോസഫ്, പാലക്കാട് രൂപത വികാരി ജനറാൾ മോണ്. ജീജോ ചാലയ്ക്കൽ, കെഎൽസിഎ പ്രസിഡന്റ് ജോണ് ജോസഫ്, ആൾഡോ പ്രഭു എന്നിവർ സന്നിഹിതരായിരുന്നു.
വടക്കഞ്ചേരിയിൽ പ്രതിഷേധറാലിയും പ്രതിഷേധസംഗമവും
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ വമ്പിച്ച പ്രതിഷേധറാലിയും പ്രതിഷേധസംഗമവും നടന്നു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തു.
വിവിധ സഭാ വിഭാഗങ്ങളിൽ നിന്നായി നിരവധി സിസ്റ്റേഴ്സും വൈദികരും പ്രതിഷേധറാലിയിലും പ്രതിഷേധ സംഗമത്തിലും അണിചേർന്നു.
വൈകുന്നേരം ലൂർദ്മാതാ ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ടൗൺചുറ്റി മന്ദം ജംഗ്ഷനിൽ സമാപിച്ചു. തുടർന്നായിരുന്നു പ്രതിഷേധസംഗമം. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. അഡ്വ. റെജി പെരുമ്പിള്ളിൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു.
നാനാജാതി മതസ്ഥർക്കായി ക്രിസ്തു കാട്ടിതന്ന സേവനവഴിയിലൂടെ പ്രവർത്തിക്കുന്ന നിരപരാധികളായ സിസ്റ്റേഴ്സിനെ ജയിലടച്ചത് മനുഷ്യത്വരഹിതവും അത്യന്തം ഹീനവുമായെന്ന് ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ പറഞ്ഞു.
ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. വള്ളിയോട് അസീസി സ്നേഹഭവൻ ആശ്രമം സുപ്പീരിയർ ഫാ. മാത്യു പുത്തൻ പറമ്പിൽ (ടിഒആർ), കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, സിസ്റ്റർ അഞ്ജല തെരേസ്, ഗ്ലോബൽ സമിതി അംഗം ജിജോ അറക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, മാതൃവേദി പ്രതിനിധി ഷീബ ജോയ്, സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി രൂപത പ്രസിഡന്റ് ജെയിംസ് പടമാടൻ, കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, രൂപത സെക്രട്ടറി ജയിംസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
ദീപ ബൈജു, കൈക്കാരന്മാരായ സണ്ണിനടയത്ത്, ബാബു തെങ്ങുംപള്ളി, മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ പ്രസിഡന്റ് ജോൺ മണക്കളം, എബി വടക്കേക്കര വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സന്യസ്തർ വെല്ലുവിളികളെ അതിജീവിക്കാൻ കരുത്തുള്ളവർ: ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ
കല്ലടിക്കോട്: ക്രൈസ്തവ സന്യസ്തർ വെല്ലുവിളികളെ അതിജീവിക്കാൻ കരുത്തുള്ളവരാണെന്ന് കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ. ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം ജീവിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ സന്യസ്തർക്ക് അനുഭാവം പ്രകടിപ്പിച്ച് കരിമ്പ എക്യുമെനിക്കൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ കല്ലടിക്കോട് നടത്തിയ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരിമ്പ സെന്റ് തോമസ് മാർത്തോമ ചർച്ച് വികാരി റവ. ജോർജ് അബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ കളമ്പാടൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. പൗലോസ് കിഴക്കിനേത്ത്, സിസ്റ്റർ ലിസ്ബത്ത്, ഫാ. ജോജി വടക്കേക്കര, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, തോമസ് ആന്റണി, സജീവ് ജോർജ്, എയ്ഞ്ചല മേരി സണ്ണി, തമ്പി തോമസ്, ഡോ. മാത്യു കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. കെസിവൈഎം, മാതൃവേദി, കത്തോലിക്ക കോൺഗ്രസ്, സിഎംഎൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കല്ലടിക്കോട് ചുങ്കത്തു നിന്നും റാലിയായാണ് എത്തിയത്.