നെന്മാറ- ചാത്തമംഗലം റോഡിൽ കുഴികൾ; കെ. ബാബു എംഎൽഎ പരിശോധനക്കെത്തി
1579357
Monday, July 28, 2025 1:42 AM IST
നെന്മാറ: പോത്തുണ്ടി ഡാമിൽ നിന്ന് പുഴയിലേക്കു വെള്ളം തുറന്നതിനെ തുടർന്ന് ചാത്തമംഗലം ചപ്പാത്ത് പാലം ആറ്റുവായി ഭാഗത്ത് പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു.
വീട്ടുവളപ്പിലൂടെ റോഡ് കവിഞ്ഞു പോയ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്നാണ് നെന്മാറ കരിമ്പാറ റൂട്ടിൽ കുഴികൾ രൂപപ്പെട്ടത്. കഴിഞ്ഞ രാത്രി മുതൽ മഴയുടെ അളവ് കുറഞ്ഞതിനെത്തുടർന്ന് ഞായർ രാവിലെ വെള്ളം ഒഴുക്കിവിടുന്നതു ഭാഗികമായി കുറച്ചു.
നെന്മാറ കരിമ്പാറ റോഡിൽ രാവിലെ ഏഴിനു ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലുണ്ടായ കുഴികളിൽ ക്വാറിവേസ്റ്റുകളും മറ്റുമിട്ട് ഒരു ഭാഗത്തുകൂടെ ഗതാഗതം സൗകര്യമൊരുക്കി. ആറ്റുവായ് ചപ്പാത്ത് ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ താമസക്കാരെ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ മാറ്റി താമസിപ്പിച്ചു. പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ ഓറഞ്ച് അലർട്ടിൽ നിലനിർത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം 25 സെന്റീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയതോടെ പോത്തുണ്ടി ഡാമിൽ നിന്നും വരുന്ന പുഴയുടെ തീരപ്രദേശത്തുള്ള മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി.
നെന്മാറ പഞ്ചായത്തിലെ വക്കാവ്, അയിലൂർ പഞ്ചായത്തിലെ കോഴിക്കോട്, അയിലൂർ, മൂല തുടങ്ങിയ ഭാഗങ്ങളിൽ പാലത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു. പുഴയോരത്തുള്ള കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വ്യാപകമായ കൃഷി നാശവുമുണ്ടായി.