വിദ്യാർഥികൾ ഇനി കടുവയുടെ തോഴർ
1580220
Thursday, July 31, 2025 7:08 AM IST
പാലക്കാട്: വംശനാശഭീഷണി നേരിടുന്ന കടുവയുടെ തോഴരാവാൻ പുതിയ തലമുറ. അന്താരാഷ്ട്ര കടുവാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് മോയൻസ് എൽപി സ്കൂളിൽ ഇക്കോ ക്ലബ് ജില്ലാ കോ- ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ നിർവഹിച്ചു.
കടുവകളെക്കുറിച്ച് അറിയേണ്ടതെല്ലാം ചിത്രങ്ങളുടെയും കഥകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതുതലമുറയ്ക്ക് അദ്ദേഹം പങ്കുവച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി. സനൂജ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അധ്യാപികമാരായ സുമതി, ദിവ്യ, സി സജിത എന്നിവർ മറ്റു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ കടുവകളുടെ തോഴരായി പ്രഖ്യാപിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന കടുവ ക്വിസ് മത്സരത്തിൽ വിജയികളായവർക്കു കടുവക്കഥകൾ വിളിച്ചോതുന്ന സചിത്ര പുസ്തകങ്ങളും തുണിസഞ്ചികളും സമ്മാനിച്ചു. ഇതോടെ ഈ വർഷത്തെ ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾക്കും തുടക്കമായി.