വടക്കഞ്ചേരി ടൗണിൽ തെരുവുനായയുടെ പരാക്രമം; നാലുവയസുകാരൻ ഉൾപ്പെടെ നിരവധിപേർക്കു കടിയേറ്റു
1580231
Thursday, July 31, 2025 7:08 AM IST
വടക്കഞ്ചേരി: ടൗണിൽ കമ്മാന്തറ, ഗ്രാമം, പുഴക്കലിടം, ചന്തപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായയുടെ ആക്രമണം. നാലു വയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു.
പ്രധാനി കൂട്ടക്കുഴി മണികണ്ഠ (45) നെയാണ് ഇന്നലെ പുലർച്ചെ കമ്മാന്തറ സ്കൂളിനടുത്തുവച്ച് കറുത്തനിറമുള്ള നായ ആദ്യം കടിച്ചത്. മണികണ്ഠന്റെ തുടയിൽ നിരവധി കടിയേറ്റു. വീട്ടിൽനിന്നും ടൗണിലേക്ക് വരുന്നതിനിടെയായിരുന്നു നായയുടെ ആക്രമണമുണ്ടായത്.
പാഞ്ഞുനടന്ന നായ പിന്നീട് വഴികളിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം ചികിത്സയിലാണ്. മറ്റു തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും നായ കടിച്ചിട്ടുണ്ട്. പരാക്രമം നടത്തിയ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.
നായക്ക് പേ വിഷബാധയുണ്ടായിരുന്നോ എന്ന് പോസ്റ്റ്മോർട്ടം നടത്തി പരിശോധിക്കും. ഇതിനായി നായയുടെ ജഡം മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. അതേസമയം നായ്ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ തക്ക നടപടി സ്വീകരിക്കാത്തതാണ് ടൗൺപ്രദേശത്ത് ഇത്രയേറെ നായ്ക്കൾ പെരുകാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളുമുയർന്നു.
ഇതേതുടർന്ന് നായ്പിടുത്ത സംഘം ടൗൺ പ്രദേശങ്ങളിലെത്തി അലഞ്ഞുനടക്കുന്ന ഏതാനും നായ്ക്കളെ പിടികൂടി. എന്നാൽ ടൗണിന്റെ പല ഭാഗത്തും ഇപ്പോഴും നായ്കൂട്ടങ്ങളുണ്ട്.
നായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിൽ നേരിട്ടും അല്ലാതെയും പരാതി നൽകിയിരുന്നെന്ന് വടക്കഞ്ചേരി സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. ജയന്ത് പറഞ്ഞു.
നായ്ക്കൾ പെരുകി ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്ന് കാണിച്ച് കഴിഞ്ഞദിവസവും ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലും ഗ്രാമസഭകളിലും പരാതി നൽകിയിരുന്നെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു.