പീപ്പിൾസ് സർവീസ് സൊസൈറ്റി ജിസിഡിഎം പ്രോജക്ട് രണ്ടാംഘട്ടത്തിനു തുടക്കം
1580224
Thursday, July 31, 2025 7:08 AM IST
വടക്കഞ്ചേരി: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് (പിഎസ്എസ്പി) നടപ്പാക്കിവരുന്ന ഹരിത കാമ്പസ് സൂക്ഷ്മ കാലാവസ്ഥാ മേഖല നിര്‍മിതി (ജിസിഡിഎം) പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വടക്കഞ്ചേരി ലൂര്‍ദ് മാതാ പള്ളിയില്‍ ഫോറോന വികാരി ഫാ. റെജി പെരുംപള്ളില്‍ നിര്‍വഹിച്ചു.
പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയതായി ആരംഭിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടില്‍ വിശദീകരിച്ചു.
പിഎസ്എസ്പി ചീഫ് കണ്‍സള്‍ട്ടന്റ് കെ.ഡി. ജോസഫ് ഹരിത കാമ്പസ് കാമ്പയിന് പദ്ധതിയുടെ പ്രവര്‍ത്തന വിശദീകരണം നടത്തി. പിഎസ്എസ്പി പ്രോജക്റ്റ് ഓഫീസര്‍ പി. ബോബി നന്ദി പറഞ്ഞു.
പിഎസ്എസ്പി ആരംഭിച്ചിരിക്കുന്ന വെര്‍ട്ടിക്കല്‍/അര്‍ബന്‍ ഫാമിംഗ്, പീപ്പിള്‍സ് കെയര്‍ പദ്ധതികളുടെ വിശദീകരണവും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
വടക്കഞ്ചേരി ഫോറോനാ ഇടവകാംഗങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് പിഎസ്എസ്പിയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ കോ- ഓര്‍ഡിനേറ്റര്‍മാര്‍ നേതൃത്വം നല്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "ലൗദാതോ സി' എന്ന ചാക്രിക ലേഖനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 കാമ്പസുകളെ ഹരിത കാന്പസുകളാക്കി മാറ്റുക എന്നതാണ് ജിസിഡിഎം പദ്ധതി വഴി ഉദേശിക്കുന്നത്.