സംസ്ഥാനത്തു പുതിയ സംരംഭകരിൽ 31 ശതമാനവും സ്ത്രീകൾ: മന്ത്രി രാജീവ്
1579860
Wednesday, July 30, 2025 1:48 AM IST
പാലക്കാട്: സംസ്ഥാനത്ത് ഈ സംരംഭകവർഷത്തിൽ 31 ശതമാനം പുതിയ സംരംഭകരും സ്ത്രീകളെന്ന് വ്യവസായമന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരിന്റെ "മിഷൻ 1000' പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന നെന്മാറ മാക്സ് സുപ്രീം ടെക്സ്റ്റൈൽസ് ലിമിറ്റഡിന്റെ രണ്ടാമത് യൂണിറ്റ് ഉദ്ഘാടനവും സ്വിച്ച് ഓണ്കർമവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കന്പനിയിൽ പ്രദേശവാസികളായ സ്ത്രീകളാണ് ജോലി ചെയ്യുന്നത് എന്നത് പ്രചോദനമാകുന്നതാണ്. സ്ത്രീകൾക്ക് വരുമാനമുണ്ടായാൽ സ്ത്രീപദവി ഉയരും. വീടിനടുത്ത് തന്നെ ജോലി ലഭിക്കുന്നതും വലിയ കാര്യമാണ്. കേരളത്തിലെ വീടുകളിലാണ് അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്ളതെന്നും ഇത് കണക്കിലെടുത്താണ് വിജ്ഞാനകേരളം പദ്ധതി സർക്കാർ ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ വ്യവസായ പാർക്ക് ആദ്യം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലയിലാണ്. കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി 1710 ഏക്കറിലാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി വരുന്നത്. അവിടെ 50 ശതമാനത്തോളം ഇൻഡസ്ട്രിയും അതോടൊപ്പം ടൗണ്ഷിപ്പ്, പൊതുയിടങ്ങൾ, കണ്വൻഷൻ സെന്റർ ഉൾപ്പെടെയുള്ള അത്യാധുനിക സിറ്റിയായിരിക്കും വരാനിരിക്കുന്നത്.
സംരംഭകവർഷം പദ്ധതി ആരംഭിച്ച് മൂന്നു വർഷം കൊണ്ട് മൂന്നരലക്ഷം പുതിയ സംരംഭങ്ങൾ ഉണ്ടായി. ഏഴേകാൽ ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടായി.
യുവാക്കൾ മറുനാട്ടിൽ ചെയ്യുന്ന ജോലികൾ ഇവിടെ ചെയ്യാനുള്ള വ്യവസായ സാധ്യതകൾക്ക് കൂടി സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.