കനത്ത മഴ ഒഴിവായത് വടക്കഞ്ചേരി മേഖലയ്ക്ക് ആശ്വാസം
1579363
Monday, July 28, 2025 1:42 AM IST
വടക്കഞ്ചേരി: മേഖലയിൽ ഇന്നലെ പകൽസമയം കനത്ത മഴയില്ലാതിരുന്നത് വലിയ ആശ്വാസമായി. അതല്ലെങ്കിൽ കരിപ്പാലി പ്രദേശത്ത് നിരവധി വീടുകൾ മുങ്ങി നാശനഷ്ട കണക്കുകൾ ഉയരുമായിരുന്നു.
പാലങ്ങൾ മുങ്ങി ഒഴുകിയിരുന്ന പുഴകളിലെ ജലനിരപ്പ് ഇന്നലെ വൈകീട്ടോടെ കുറഞ്ഞു. ഗതാഗതം പുനരാരംഭിക്കാനായി. പകൽ ചെറിയമഴ പെയ്തിരുന്നെങ്കിലും കനത്ത മഴ പെയ്തില്ല.
ശനിയാഴ്ച രാത്രിയിലും കാര്യമായ മഴയുണ്ടായില്ല. മൂന്നുപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാളയം- കരിപ്പാലി റോഡിലെ കരിപ്പാലി പാലമാണ് നേരത്തെ മുങ്ങിയത്. ഇതുമൂലം വാഹനഗതാഗതം തടസപ്പെട്ടിരുന്നു.
പോത്തുണ്ടി ഡാം തുറന്നതും ഒലിപ്പാറ പ്രദേശത്തെ ശക്തമായ മഴയുമാണ് കരിപ്പാലി പുഴ പെട്ടെന്ന് കരകവിഞ്ഞൊഴുകാൻ കാരണമായത്. പാലം മുങ്ങിയും ജലനിരപ്പ് ഉയർന്നതോടെ ഈ പ്രദേശത്തെ ഏതാനും വീട്ടുകാർ ശനിയാഴ്ച രാത്രിയിൽ താമസം മാറിയിരുന്നു.
മംഗലം ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതും മംഗലം പുഴയിലും ജലനിരപ്പ് ഉയരാൻ കാരണമായി. ഉയരം കൂടിയ പുതിയ മംഗലം പാലത്തിൽ നിന്നും രണ്ടടി താഴെവരെ ജലനിരപ്പുയർന്ന് പുഴ ഒഴുകി.