ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം
1580230
Thursday, July 31, 2025 7:08 AM IST
പട്ടാന്പി: അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടം. ചാലിശേരി പെരിങ്ങോട് ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. വിദ്യാർഥികളടക്കം 20 ലധികം പേർക്ക് പരുക്കേറ്റു. ഇവരെ പെരുന്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല. പട്ടാന്പി കറുകപുത്തൂർ ചാലിശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിനി ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾ വേർപെട്ടു.
റോഡരികിലെ വീടിന്റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാന്പി കറുകപുത്തൂർ- ചാലിശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
റോഡരികിലെ സർവേക്കല്ലിൽ തട്ടിയതിനെതുടർന്ന് ടയർ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.