കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്ത്യൻ മതേതരത്വത്തിനേറ്റ കളങ്കം: കത്തോലിക്ക കോൺഗ്രസ്
1579583
Tuesday, July 29, 2025 1:38 AM IST
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം നടന്നത് ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ കളങ്കമാണെന്ന് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതി. ആഗ്രയിലെ അസീസി സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയിലേക്ക് ക്രിസ്തീയവിശ്വാസികളായ പ്രായപൂർത്തിയായ സ്ത്രീകളെ ജോലിക്കായി കൊണ്ടുപോയ സിസ്റ്റേഴ്സിനെ ഒരു കാരണവുമില്ലാതെ ഗുരുതരവകുപ്പുകൾ ചേർത്ത് ജയിലിൽ അടച്ചത് സ്വതന്ത്ര ഇന്ത്യാചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
റെയിൽവേ സ്റ്റേഷനിൽ ടിടിആറിന്റെയും റെയിൽവെ പോലീസിന്റെയും ഒത്താശയോടെ ബജ്രംഗ്ദൾ പ്രവർത്തകർ ആക്ഷേപിക്കുകയും പോലീസിനെ ഉപയോഗിച്ച് ഗുരുതരകുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് അത്യന്തം ഗുരുതരമായ മനുഷ്യാവകാശലംഘനവും ഇന്ത്യൻ ഭരണഘടനയോടുള്ള ഹീനമായ കടന്നുകയറ്റവും നഗ്നമായ ലംഘനവുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്ത കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കാനുള്ള നടപടികൾ കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് സർക്കാരും ചേർന്ന് സ്വീകരിക്കേണ്ടതും ഇവർക്കെതിരെ നടന്ന ക്രിമിനൽ ഗൂഢാലോചനയെകുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ, ജീജോ അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.