അടിപ്പെരണ്ടയിൽ കാണാതായ ആൾക്കുവേണ്ടി പുഴയിൽ തെരച്ചിൽ; കണ്ടെത്താനായില്ല
1579361
Monday, July 28, 2025 1:42 AM IST
നെന്മാറ: അടിപ്പെരണ്ടയിൽ പുഴയിൽ കാണാതായ ആൾക്കുവേണ്ടി നടത്തിയ തെരച്ചിൽ വിഫലം. അടിപ്പെരണ്ട മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂഖ് (45) നെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്.
ശക്തമായ മഴയുണ്ടായിരുന്ന ശനിയാഴ്ച വീട്ടിൽനിന്നു രാവിലെ പതിനൊന്നോടെ പുറത്തുപോയ ഉമ്മർ ഫാറൂഖ് മൂന്നുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. വീട്ടിൽ തന്നെ മൊബൈൽ വച്ചിരുന്നതിനാൽ പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു.
അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ ഒഴുകിവരുന്ന തേങ്ങ പിടിച്ചെടുക്കുന്ന ശീലം ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പുഴയോരത്ത് അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞ രാത്രിവരെ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ശനിയാഴ്ച രാത്രിയോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പുഴയുടെ സമീപത്ത് അന്വേഷണം നടത്തിയെങ്കിലും രാത്രിയായതോടെ അന്വേഷണം ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയോട് ചേർന്ന പള്ളത്താമടയിലെ തോട്ടത്തിനോടുചേർന്ന് ഉമർ ഫാറൂഖിന്റെ ചെരിപ്പുകൾ കണ്ടെത്തിയത്.
ഇതോടെയാണ് ഒഴുക്കിൽപ്പെട്ടതായിരിക്കാം എന്ന സംശയം ഉയരാൻ ഇടയായത്. ആലത്തൂർ നിന്ന് അഗ്നിരക്ഷാസേനയും, നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെരാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചെങ്കിലും ഉച്ചയോടെ അടിപ്പരണ്ട പുഴയും ഒലിപ്പാറ പുഴയും സംഗമിക്കുന്ന അഞ്ചുകിലോമീറ്റർ ദൂരെയുള്ള രണ്ടുട്ടി വരെ അന്വേഷണം നീണ്ടെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
അന്വേഷണസംഘം വണ്ടാഴി പഞ്ചായത്തിലെ കരിപ്പാലി വരെ രാത്രി വൈകുംവരെ തെരച്ചിൽ തുടർന്നു. ഇവിടെ മംഗലംഡാമിൽ നിന്നും പോത്തുണ്ടി ഡാമിൽ നിന്നും ഉള്ള പുഴകളും കൂടെ ചേരുന്ന സ്ഥലമായതിനാൽ അമിതമായി പുഴയിൽ വെള്ളമുള്ളതിനാലും തെരച്ചിൽ ദുസഹമാണെന്ന് അന്വേഷണസംഘം പറഞ്ഞു.