ക്ഷാമം മാറി; നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റുകളിൽ എത്തിത്തുടങ്ങി
1579857
Wednesday, July 30, 2025 1:47 AM IST
വടക്കഞ്ചേരി: കഴിഞ്ഞ രണ്ട്മാസമായി ക്ഷാമം നേരിട്ടിരുന്ന നാടൻ നാളികേരവും പച്ചക്കറികളും മാർക്കറ്റിൽ എത്തിത്തുടങ്ങി. പാഞ്ഞുയർന്നിരുന്ന നാളികേരവിലയ്ക്ക് ഇപ്പോൾ ചെറിയ കുറവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇപ്പോൾ നാട്ടിലെ പല ഭാഗത്തുനിന്നും നാളികേരം വരുന്നുണ്ടെന്ന് വിഎഫ്പിസികെ യുടെ പാളയത്തുള്ള കർഷക സ്വാശ്രയസംഘം പ്രസിഡന്റ് എം.ഇ. കണ്മണി പറഞ്ഞു.
സംഘത്തിൽ കിലോക്ക് 68 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് നാളികേരം എടുക്കുന്നത്. എന്നാൽ പൊതുവിപണിയിൽ നാളികേര വില 75 രൂപയും 80 രൂപ വരെയുമുണ്ട്. ലഭ്യത കൂടിയിട്ടും പക്ഷെ, കടകളിൽ വിലകൾ കുറയുന്നില്ല. കൃത്രിമ വിലവർധനവ് തുടരുകയാണ്. വൻകിടക്കാരുടെ സ്റ്റോക്ക് വലിയ വിലയ്ക്ക് വില്പന നടത്താനുള്ള സൗകര്യങ്ങളാണ് സർക്കാർ ഏജൻസികൾ ചെയ്തു കൊടുക്കുന്നതെന്ന ആക്ഷേപവും ഇതിനിടെ ശക്തമായുണ്ട്.
ഓണം സീസണിൽ വില ഉയരും എന്ന കണക്കുകൂട്ടലിൽ സൂക്ഷിച്ചുവച്ചിരുന്ന നാളികേരവും ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. മഴ വിട്ടുനിന്നാൽ നാളികേരവരവ് ഇനിയും കൂടും. വെളിച്ചെണ്ണ വിലയും വലിയ വർധനവിന് സാധ്യതയില്ലെന്ന് നാളികേര വ്യാപാരിയായ വാഴക്കുളമ്പിലെ സജി പറഞ്ഞു.
തമിഴ്നാട്ടിൽ നാളികേരത്തിന്റെ സീസണാണിപ്പോൾ. ഇതിനാൽ വെളിച്ചെണ്ണ വില നിശ്ചയിക്കുന്ന കാങ്കയത്തേക്കും കേരളത്തിൽ നിന്നും നാളികേര കയറ്റുമതിയില്ല. മുൻവർഷങ്ങളിലെല്ലാം മഴക്കാലത്ത് കാങ്കയത്തേക്കാണ് ലോഡ് കണക്കിന് നാളികേരം കയറ്റി പോയിരുന്നത്. ഈ സ്ഥിതി മാറിയെന്ന് സജി പറയുന്നു. മഴക്കാലമാസങ്ങളിൽ നാടൻ നാളികേരം നൂറ് കിലോ ഉണക്കിയാൽ 25 കിലോ കൊപ്രയെ കിട്ടു.
ഇതിനാൽ കാങ്കയത്തുകാർക്കും കേരള നാളികേരം വേണ്ട. തമിഴ്നാട്ടിൽ നാളികേര സീസണായതിനാൽ തന്നെ നാളികേര ലഭ്യതയും ഇനി നാട്ടിൽ കൂടും. അതുവഴി നാളികേര വിലയും വെളിച്ചെണ്ണ വിലയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇനി തമിഴ്നാട് നാളികേരവും മാർക്കറ്റുകളിലെത്തും. ശുദ്ധമായ നാടൻ വെളിച്ചെണ്ണ വില കിലോയ്ക്ക് ഇപ്പോൾ 450 രൂപയാണ്. വെളിച്ചെണ്ണ വില ഉയർന്നപ്പോൾ വ്യാജ വെളിച്ചെണ്ണയുടെ വിപണനവും വ്യാപകമായി. എന്നാൽ ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഫലപ്രദമായ പരിശോധന നടത്താത്തതിനാൽ വ്യാജ വെളിച്ചെണ്ണയാണ് വിപണി കൈയടക്കുന്നത്.
ഉത്പന്നങ്ങൾ പൂപ്പൽ പിടിക്കാതിരിക്കാൻ അടിക്കുന്ന ഓയിൽ ഉൾപ്പെടെ നിരവധി മാരക രാസവസ്തുക്കൾ ചേർത്തുള്ള വെളിച്ചെണ്ണയാണ് വിപണിയിലെത്തുന്നത്. ഇത്തരം വ്യാജ വെളിച്ചെണ്ണക്ക് വിലയും നന്നേ കുറവാണ്. തുടർച്ചയായ മഴയിൽ പച്ചക്കറി ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നെങ്കിലും മഴയ്ക്ക് ശമനമായതോടെ പച്ചക്കറികളുടെ വരവും കൂടിയിട്ടുണ്ടെന്ന് കർഷകസംഘം പ്രസിഡന്റ് പറഞ്ഞു.
പച്ചപയർ 50, മത്തങ്ങ 20, കുമ്പളങ്ങ 20, പാവയ്ക്ക 35, നേന്ത്രക്കായ 40, പൂവൻ 40, പാളയംകോടൻ 22, ഞാലിപ്പൂവൻ 40 എന്നീ വിലക്കാണ് വിഎഫ്പിസികെ യിൽ കർഷകരിൽ നിന്നും പച്ചക്കറികൾ എടുക്കുന്നത്.