കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് ശങ്കരംപാളയം ഗംഗാധരൻ
1579852
Wednesday, July 30, 2025 1:47 AM IST
ചിറ്റൂർ: നൂതനവും ശാസ്ത്രീയവുമായ രീതിയിൽ കൂൺകൃഷി നടത്തി വിജയഗാഥ രചിച്ച് നല്ലേപ്പിള്ളി ശങ്കരാം പാളയം ഗംഗാധരനും കുടുംബവും.
നാട്ടുകൽ ഗവ. കോളജിനു സമീപം 500 സ്ക്വയർഫീറ്റ് സ്ഥലത്ത് നാലുലക്ഷം മുലധന ചെലവിലാണ് കൂൺകൃഷിക്ക് കന്നിയങ്കം കുറിച്ചത്.
പഴമയും പുതുമയും ഒത്തുചേർന്ന കൃഷിരീതി ഇവിടെ വേറിട്ടുനിൽക്കുന്നു. അറക്കപ്പൊടി നിരത്തിയാണ് കൂൺതിട്ട നിർമാണം. കാറ്റുംവെളിച്ചവും ലഭ്യമാകാൻ ആധുനിക സൗകര്യമൊരുക്കിയാണ് കൂൺപുരയും നിർമിച്ചിരിക്കുന്നത്.
ഒരു കൂൺനിരപ്പിനു 70 മുതൽ 80 രൂപ ചെലവ് വരും. ഏകദേശം 2000 കൂൺബഡുകൾ ഉൾക്കൊള്ളുന്ന പുരയിലിപ്പോൾ 300 ബഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസേന മൂന്നുമുതൽ അഞ്ചുകിലോ വരെ വിളപ്പെടുപ്പും നടത്തുന്നുണ്ട്. ഗംഗാധരനും ഭാര്യ ചന്ദ്രികയും മകൻ ലികേഷും മരുമകൾ അക്ഷയയും ചേർന്നാണ് കൃഷിപരിപാലനം നടത്തിവരുന്നത്.
സൂപ്പർമാർക്കറ്റ്, കുടുംബശ്രീ യൂണിറ്റൂകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കു നേരിട്ടു വിപണനം നടത്താനാണ് ഗംഗാധരന്റെ തീരുമാനം. ഗംഗാധരന്റെ വിജയഗാഥ മനസിലാക്കാൻ മേഖലയിലെ പച്ചക്കറികർഷകരും കൃഷിയിടത്തിൽ നിത്യസന്ദർശകരായി മാറിയിട്ടുണ്ട്.