മരംവീണും മണ്ണിടിഞ്ഞും ഗതാഗതം മുടങ്ങി
1579360
Monday, July 28, 2025 1:42 AM IST
നെല്ലിയാമ്പതി: കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരപ്പാലത്തിനുസമീപവും കുണ്ടറചോല പാലത്തിന് തൊട്ടടുത്തുമാണ് കൂറ്റൻ മരങ്ങൾ കടപുഴകി വീണത്.
മരപ്പാലത്തിന് മുകളിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗത തടസം പൊതുപ്രവർത്തകനായ പി.ഒ. ജോസഫിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃതത്തിൽ നീക്കം ചെയ്തു. ജോസഫും വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേന്ദ്രൻ, ജീവനക്കാരായ പ്രമോദ്, സദാനന്ദൻ, സുധീഷ്കുമാർ, അജ്മൽ റിക്കാബ്, സന്തോഷ്, ബിനേഷ്കുമാർ, മണികണ്ഠൻ എന്നിവരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
ഇവിടെ ഗതാഗതതടസം നീക്കം ചെയ്ത അതേസമയമായിരുന്നു കുണ്ടറചോലയ്ക്കു സമീപം മരം കടപുഴകി വീണത്. മണ്ണ് ഉൾപ്പടെ റോഡിലേക്കു വീണതിനെ തുടർന്നാണ് ഗതാഗതം സ്തംഭിച്ചത്.
തുടർന്ന് ജെസിബിയുടെ സഹായത്തോടെ മണ്ണും മരവും നീക്കം ചെയ്താണ് യാത്ര സുഗമമാക്കിയത്. രണ്ടരമണിക്കൂറോളം സമയമാണ് കഴിഞ്ഞദിവസം നെല്ലിയാമ്പതി മേഖലയിൽ ഗതാഗതതടസം അനുഭവപ്പെട്ടത്.
നിരവധി സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. ഇരുന്നൂറോളം വാഹനങ്ങളും കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപ്പടെയുള്ളവയും പെരുവഴിയിലായി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനായി വൈകി. വൈകീട്ട് 6.45ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.