നിർമാണപ്രവൃത്തിയിൽ അശാസ്ത്രീയത ആരോപിച്ച് പ്രദേശവാസികൾ
1579359
Monday, July 28, 2025 1:42 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ മഴ കുറഞ്ഞതിനെ തുടർന്ന് നൂറടിപ്പുഴയിൽ വെള്ളം താഴ്ന്നു. കഴിഞ്ഞദിവസം കൂനംപാലം മുതൽ നൂറടി വരെയുള്ള ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളം ഉയർന്നിരുന്നു.
നൂറടിയിലെ ചില വീടുകളിലും വെള്ളം കയറിയിരുന്നു. ഞായറാഴ്ച രാവിലെയോടെ വെള്ളം താഴ്ന്നു.
നൂറടി മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിനെ തുടർന്ന് നേരത്തെ 30 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് പുഴയുടെ വീതി കൂട്ടുകയും ചെളിയും മണ്ണും മാറ്റി പുഴയുടെ തീരത്ത് സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിർമാണ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നൂറടി മേഖലയിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാവാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ലക്ഷങ്ങൾ പാഴാക്കി എന്നല്ലാതെ നാട്ടുകാർക്ക് നേട്ടമുണ്ടായില്ല.
ഒറ്റ മഴയിൽ തന്നെ വെള്ളം മുങ്ങുന്ന സ്ഥിതിയിൽ നിന്ന് നൂറടി പ്രദേശത്തിന് മാറ്റമുണ്ടായില്ല എന്നതാണ് വിമർശനം.
പാലത്തിന് താഴെ പുഴയിൽ വീണു കിടക്കുന്ന മരത്തടികളും അടിഞ്ഞുകൂടിയ മണ്ണും 50 മീറ്ററോളം ദൂരത്തിൽ മാറ്റിയാൽ തീരുന്ന പ്രശ്നത്തിനാണ് ലക്ഷങ്ങൾ ചെലവാക്കി രണ്ടുവർഷത്തോളം സമയമെടുത്ത് നിർമാണ പ്രവർത്തി നടത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.
കഴിഞ്ഞദിവസം നെല്ലിയാമ്പതിയിൽ വെള്ളപ്പൊക്കമുണ്ടായ വീടുകളിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സണിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ എലിപ്പനി ബോധവത്കരണം നടത്തുകയും പ്രതിരോധ മരുന്നുകൾ നൽകുകയും ചെയ്തു.