ജിൻസ് വർഗീസ്: ഇന്ത്യൻ ബേസ്ബോൾ ടീമിലെ ചുണക്കുട്ടി
1579578
Tuesday, July 29, 2025 1:38 AM IST
കരിന്പ: നേപ്പാളിൽ ഇക്കഴിഞ്ഞ 18 മുതൽ 21വരെ നടന്ന അന്താരാഷ്ട്ര സോഫ്റ്റ് ബേസ്ബോൾ ടൂർണമെന്റിലെ കിരീടനേട്ടത്തിന്റെ തിളക്കം ഇടക്കുറുശിയിലും. ഇന്ത്യൻ ടീമിലെ ഏക മലയാളിസാന്നിധ്യം കൂടിയായിരുന്നു ഇടക്കുറിശി ഓമച്ചേരിൽ ജിൻസ് വർഗീസെന്ന ഇരുപത്തിനാലുകാരൻ. നേപ്പാളിനെതിരേയായിരുന്നു കിരീടപോരാട്ടം. ഇക്കഴിഞ്ഞ മേയിൽ മഹാരാഷ്ട്രയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ നേട്ടത്തിനു പിന്നാലെയാണ് അന്താരാഷ്ട്ര കിരീടജേതാവെന്ന പട്ടവും ജിൻസിനെ തേടിയെത്തിയത്.
കാലിക്കട്ട് സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദധാരിയായ ജിൻസ് നിലവിൽ തിരുവല്ല മാർ അത്തനാത്തിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രഫസറാണ്.
ഓമച്ചേരിൽ കുടുംബത്തിലെ സജിയുടെയും കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂൾ അധ്യാപികയായ അൽഫോൻസയുടെയും ഇളയ മകനാണ്.
ജിസ് വർഗീസ്, ജിൽസ വർഗീസ് എന്നിവർ സഹോദരങ്ങൾ.