അട്ടപ്പാടിയിൽ 400 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കി: മന്ത്രി എം.ബി. രാജേഷ്
1579858
Wednesday, July 30, 2025 1:48 AM IST
അഗളി: സംസ്ഥാന സർക്കാർ അട്ടപ്പാടിയിൽ 400 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച ഉമ്മത്താംപടി വരഗാർപുഴ റെഗുലേറ്റർ കം കോസ് വേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു മന്ത്രി.
മൂന്ന് റീച്ചുകളിലായിട്ടുള്ള അട്ടപ്പാടിയിലെ പ്രധാനപ്പെട്ട റോഡിന് 160 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താവളം-മുള്ളി റോഡിന് 140 കോടിയും ഗവ. കോളജിനും സ്കൂളുകൾക്കുമായി 50 കോടി, കോട്ടത്തറ ആശുപത്രിയ്ക്ക് 15 കോടി രൂപ എന്നിവയുൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ അട്ടപ്പാടിയിൽ നടപ്പിലാക്കിയിട്ടുണ്ട്.
വരഗാർ പുഴയ്ക്ക് കുറുകെയുള്ള ഉമത്താംപടിയിലെ റെഗുലേറ്റർ കം കോസ് വേയിലൂടെ ഉന്നതി നിവാസികൾക്ക് മഴക്കാലത്ത് വാഹനത്തിലൂടെയും അല്ലാതെയും പുഴ മുറിച്ച് കടക്കാൻ സാധിക്കും.
റെഗുലേറ്റർ വരുന്നതോടെ മഴക്കാലത്ത് ജലം സംഭരിക്കാനും കൃഷിയ്ക്കായി അത് പ്രയോജനപ്പെടുത്തുവാനും സാധിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് സംയുക്തമായി വലിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതൂരിൽ നടന്ന പരിപാടിയിൽ എൻ.ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.