പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
1580033
Wednesday, July 30, 2025 11:24 PM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ അടിപ്പെരണ്ടയിൽ കഴിഞ്ഞ ശനിയാഴ്ച പുഴയിൽ കാണാതായ ഉമ്മർ ഫാറൂഖിന്റെ (45) ജഡം കണ്ടെത്തി.
ചെരിപ്പും ഷർട്ടും കണ്ടെത്തിയ പള്ളത്താമടയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെ വീട്ടക്കൽ കടവിലെ പാലത്തിനടിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മരത്തടികളും കൊമ്പുകളും പാലത്തിൽ തങ്ങിനിന്നതിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ രാവിലെ പാലത്തിനുസമീപം എത്തിയ പ്രദേശവാസികൾ ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്നു പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയും പോലീസ് സ്ഥലത്തെത്തി രാവിലെ ഒന്പതോടെ വടംകെട്ടി ജഡം പുറത്തെത്തിച്ചു.
പോലീസ് ഇൻക്വസ്റ്റിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കൊണ്ടുപോയി. ഉച്ചയ്ക്കു 2.30-ഓടെ വീട്ടിലെത്തിച്ച മൃതദേഹം 3.30ന് അടിപ്പെരണ്ട ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
പുഴയിൽ ഒഴുകിവന്ന തേങ്ങ പിടിക്കാൻ പോയപ്പോഴാണ് ഉമ്മർ ഫാറൂഖ് അപകടത്തിൽപ്പെട്ടതെന്നു സംശയിക്കുന്നു. അടിപ്പെരണ്ട മണ്ണാംകുളമ്പ് പരേതനായ അവറാൻ സാഹിബിന്റെയും നബീസയുടെയും മകനാണ് ഉമ്മർ ഫാറൂഖ്. ഭാര്യ: ഷഹീദ. മക്കൾ: ഫിറോസ്, ഫർസാദ്.