കെഎസ്ആർടിസി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ നിലംപതിക്കുന്നു
1579585
Tuesday, July 29, 2025 1:38 AM IST
ചിറ്റൂർ: കെഎസ്ആർടിസി ഡിപ്പോയിലെ കോൺക്രീറ്റ് അടർന്നുവീണത് ആശങ്ക പരത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ ജനലുകൾപോലും ചിതലരിച്ച് നശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വിശ്രമമുറിയുടെ കോൺക്രീറ്റാണ് അടർന്നുവീണത്. വീണസമയത്ത് ജീവനക്കാരുണ്ടാവാതിരുന്നതിനാൽ അനിഷ്ട സംഭവം ഒഴിവായി. മെക്കാനിക്കൽ വിഭാഗത്തിന്റെ വിശ്രമമുറിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് ആണ് താഴേക്ക് വീണത്.
രണ്ടുദിവസംമുന്പും വിശ്രമമുറിയുടെ സമീപത്തായി മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന മുറിയുടെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണിരുന്നു. കൂടാതെ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ മുറി, സബ് സ്റ്റോർ, സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിലെ വരാന്തയിലും മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നിട്ടുണ്ട്.
ഡിപ്പോയിലെ ഏഴോളം ശുചിമുറിയുടെയും മേൽക്കൂരയുടെ ഭിത്തി പരിതാപകരമാണ്. കഴിഞ്ഞ വെള്ളിയാഴ്ച കെഎസ്ആർടിസി ഡിപ്പോയിൽ ഇ -സുതാര്യം സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം നടന്നിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ നഗരസഭ അധ്യക്ഷയോട് ജീവനക്കാർ വിവരം അറിയിച്ചിരുന്നു. 1991 ലാണ് ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനം നടന്നത്. അതിനുശേഷം അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ലെന്നും വാർഡ് കൗൺസിലർ കെ.സി. പ്രീത് അറിയിച്ചു.
ഡിപ്പോയ്ക്ക് പുതിയകെട്ടിടം നിർമിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷ കെ.എൽ. കവിത അറിയിച്ചു.