നൂറിന്റെ നിറവിൽ നെന്മാറ ഗേൾസ് ഹൈസ്കൂൾ
1595565
Monday, September 29, 2025 1:13 AM IST
നെന്മാറ: നൂറ്റാണ്ടിന്റെ സ്മരണയുമായി നെന്മാറ ഗേൾസ് ഹൈസ്കൂൾ. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന നെന്മാറ മുന്പ് കൊച്ചി തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
റാണി ലക്ഷ്മിഭായിയുടെ നേതൃത്വത്തിൽ നടന്ന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ഭൂവുടമയായ രാരിയംകണ്ടത്ത് ഗോവിന്ദ് മേനോൻ തന്റെ സ്വന്തം സ്ഥലത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു.
പക്ഷേ, നിർഭാഗ്യവശാൽ, സ്ഥാപകനും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒരു വിദ്യാർഥിയുടെ പ്രവേശനത്തെച്ചൊല്ലിയുള്ള തർക്കം കാരണം അടുത്ത വർഷം തന്നെ സ്കൂൾ അടച്ചുപൂട്ടി.
1921 ൽ നെല്ലിക്കുളങ്ങര ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള നെന്മാറ ജംഗ്ഷനു സമീപമുള്ള കോന്പൗണ്ടിൽ ഗവ. പുതിയൊരു സ്കൂൾ ആരംഭിച്ചു. നെന്മാറ ബോയ്സ് ഹൈസ്കൂളിന്റെ തുടക്കമാണിത്.
തുടക്കത്തിൽ ഇത് ഒരു മിക്സഡ് സ്കൂളായിരുന്നു. പിന്നീട് ഗവണ്മെന്റ്റ് സ്ഥാപനത്തെ ബോയ്സ് സ്കൂളും ഗേൾസ് സ്കൂളുമായി വിഭജിക്കാൻ തീരുമാനിച്ചു. 1920 ൽ മൂന്ന് ഏക്കർ സ്ഥലത്ത് ആരംഭിച്ച അതേ സ്ഥലത്താണ് ഗേൾസ് സ്കൂൾ നിലനിന്നിരുന്നത്.
അങ്ങനെ ഗേൾസ് സ്കൂൾ 1925 ജൂൺ ഒന്നിനാണ് ആരംഭിച്ചത്. തുടക്കത്തിൽ ഇത് എൽപി സ്കൂളായിരുന്നു. പിന്നീട് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1965 ൽ എൽപി വിഭാഗം വേർപെടുത്തി പഴയഗ്രാമത്തിൽ സ്ഥാപിതമായി. പിന്നീട് പ്രത്യേക സ്ഥാപനമായി മാറി, യൂപി, ഹൈസ്കൂൾ വിഭാഗം സ്വന്തമായി തുടർന്നു. 1987 ൽ വിഎച്ച്എസ്ഇ വിഭാഗം ആരംഭിച്ചു, ഇപ്പോൾ അഞ്ച് ബ്രാഞ്ചുകളിലായി 260 കുട്ടികൾ പഠിക്കുന്നു.
1995 ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ അഞ്ച് ബ്രാഞ്ചുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു.
യുപി, ഹൈസ്കൂൾ വിഭാഗം 27 ഡിവിഷനുകളിലായി ഇപ്പോൾ ഏകദേശം 1200 വിദ്യാർഥികൾ പഠിക്കുന്നു. യുപി വിഭാഗത്തിൽ 12 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 41 അധ്യാപകരുമുണ്ട്. വിഎച്ച്എസ്ഇ വിഭാഗത്തിൽ 16 അധ്യാപകരും ഹയർ സെക്കൻഡറി വിഭാഗത്തിൽ 26 അധ്യാപകരും സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 12 ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 95 ജീവനക്കാർ നിലവിലുണ്ട്.
രണ്ട് കെട്ടിടങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 21 ബിൽഡിംഗ് ബ്ലോക്കുകളുണ്ട്, എല്ലാ ക്ലാസ് മുറികളും ഹൈടെക് സൗകര്യങ്ങളോട് കൂടിയാണ് പ്രവർത്തിച്ച് വരുന്നത്. നൂറുവർഷത്തിന്റെ സ്മരണ പുതുക്കുന്ന ഈ വിദ്യാലയ മുത്തശ്ശി വിവിധ മേഖലകളിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.