വന്യജീവി ആക്രമണ നിയന്ത്രണ പദ്ധതി എത്രത്തോളം?
1596092
Wednesday, October 1, 2025 1:29 AM IST
വടക്കഞ്ചേരി: വന്യജീവി ആക്രമണ നിയന്ത്രണ പദ്ധതികളിൽ കുരങ്ങ്, മലയണ്ണാൻ, വവ്വാൽ, കിളികൾ തുടങ്ങി ഉയരങ്ങളിലൂടെ യാത്ര ചെയ്യുന്നവരെ തുരത്തൽ ദുർഘടമാകും.
വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് കാര്യക്ഷമമാക്കി ആന, മാൻ എന്നിവയെ നിയന്ത്രിക്കാൻ ഒരുപരിധിവരെ കഴിയുമെങ്കിലും വാനരപ്പടയെ തുരത്താൻ നിലവിലുള്ള സംവിധാനങ്ങൾക്കൊന്നും കഴിയില്ല.
ഇതു വന്യജീവി ആക്രമണ നിയന്ത്രണ പദ്ധതികൾക്കും കല്ലുകടിയാകും. നാട്ടിലുള്ള ആയിരക്കണക്കിന് കാട്ടുപന്നികളെ ഉന്മൂലനം ചെയ്യലും സാഹസമാണ്. വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും ആത്മാർഥമായ ഇടപെടലിനൊപ്പം കർഷകരുടെ പങ്കാളിത്തവും ഉറപ്പാക്കിയാൽ മലയോര വനാതിർത്തികളിൽ ഭീഷണിയായ ആനകളെ അകറ്റി നിർത്താനാകുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി പിന്നെയെല്ലാം പഴയപടിയായാൽ മനുഷ്യ വന്യജീവി സംഘർഷത്തിനപ്പുറം മനുഷ്യ- വനംവകുപ്പ് സംഘർഷമാകും പിന്നെയുണ്ടാവുക.
സോളാർ ഫെൻസിംഗ് സ്ഥാപിക്കലും സംരക്ഷണവും തുടർ പ്രക്രിയയാകണം. വനാതിർത്തികളിൽ ട്രഞ്ച് കുഴിക്കലും റെയിൽ സ്ഥാപിക്കലും ഘട്ടംഘട്ടമായി നടപ്പിലാക്കണം.
നാട്ടിൽ നിറഞ്ഞിട്ടുള്ള പന്നികളെ വെടിവച്ചുകൊന്ന് നശിപ്പിക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
എവിടെയെങ്കിലും രണ്ടു പന്നികളെ കൊന്നതുകൊണ്ടൊന്നും പന്നിപ്പെരുപ്പും കുറയ്ക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. പന്നിക്കൂട്ടങ്ങൾ അത്രയേറെയുണ്ട്.
വൈകുന്നേരമാകുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരും ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. മലയോര മേഖലയിൽ കുരങ്ങുശല്യം അതിരൂക്ഷമാണ്.
നൂറും നൂറ്റിയന്പതും എണ്ണം വരുന്ന വാനര പടകളാണ് കൃഷിയിടങ്ങളിലെത്തി സർവതും നശിപ്പിക്കുന്നത്. എഴുപതും നൂറും എണ്ണം തെങ്ങുകളുള്ള കർഷകന് വീട്ടാവശ്യത്തിനുള്ള നാളികേരം പോലും കിട്ടാത്ത സ്ഥിതിയാണെന്ന് ആരോഗ്യപുരം കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കിലെ പാറക്കൽ കുര്യാക്കോസ് പറഞ്ഞു.
ആയിരക്കണക്കിന് എണ്ണം വരുന്ന കടവാവല്കൂട്ടം മൂലം കശുമാവ് കൃഷി വലിയ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് കരിങ്കയം ഇലഞ്ഞിമറ്റം തോമസ് പരാതി നൽകിയിട്ടുള്ളത്.
കൂട്ടമായെത്തുന്ന തത്തകളുടെ ശല്യമാണ് ചിറ്റടി കിഴക്കേപറമ്പിൽ ടോം ജോർജ് പരാതിയായി നൽകിയിട്ടുള്ളത്. ഇതിനാൽ ആകാശവഴി വരുന്നവയെ എങ്ങനെ ഒഴിവാക്കാമെന്ന ചോദ്യത്തിനു ഉത്തരംപറയേണ്ട ഗതികേടിലാണ് വനംവകുപ്പ്.