റോഡിലേക്കു ചെരിഞ്ഞ മരം യാത്രക്കാർക്കു ഭീഷണി
1596381
Friday, October 3, 2025 1:26 AM IST
ചിറ്റൂർ: ചിറ്റൂർ ഗവ. കോളജ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലുള്ള വൃക്ഷം റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നത് അപകട ഭീഷണി. കോളജിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് ബസ് കയറുന്ന വിദ്യാർഥികൾ ഈ സ്റ്റോപ്പിലാണ് ഇരിക്കുന്നത്. വൈകുന്നേരസമയങ്ങളിൽ നൂറുകണക്കിനു വിദ്യാർഥികൾ മരത്തിനുസമീപത്താണ് നിൽക്കാറുള്ളത്.
റോഡിലേക്ക് കുത്തനെ ചരിഞ്ഞ നിലയിലാണ് മരം നിൽക്കുന്നത്. റോഡിനെതിർവശത്ത് വ്യാപാരസ്ഥാപനങ്ങളും കൂടുതലുണ്ട്. കൊടുവായൂർ - കോയമ്പത്തൂർ അന്തർ സംസ്ഥാനപാതയെന്നതിനാൽ യാത്രാ, ചരക്കുവാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മരം നിലംപതിച്ചാൽ വലിയദുരന്തം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. കഴിഞ്ഞ വർഷം റോഡിലേക്ക് ചെരിഞ്ഞ കൊമ്പ് മുറിച്ചുനീക്കിയിരുന്നു.