കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടവും പരിസരവും വൃത്തിയാക്കി ചെറുപുഷ്പം ഗൈഡ്സ്
1595805
Tuesday, September 30, 2025 12:16 AM IST
മംഗലംഡാം: പാവങ്ങളുടെ അതിരപ്പിള്ളി എന്നറിയപ്പെടുന്ന കടപ്പാറയിലെ ആലിങ്കൽ വെള്ളച്ചാട്ടവും പരിസരവും വൃത്തിയാക്കിയും പ്ലാസ്റ്റിക് മുക്തമാക്കിയും വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാമത് ഗൈഡ് കമ്പനി വിദ്യാർഥിനികൾ.
വിനോദയാത്രികർ വലിച്ചെറിയുന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളുമെല്ലാം വിദ്യാർഥികൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്കുമാറ്റി. ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പറ്റീഷന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണ പ്രവർത്തനം. സാനിറ്റേഷൻ പ്രമോഷൻ വാരാഘോഷത്തോടനുബന്ധിച്ച് പൊതു ഇടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവും സേവനത്തിന് പിന്നിലുണ്ടെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
തിരക്കേറിയ നഗര ജീവിതക്കാരുടെ വലിയ ആകർഷണ കേന്ദ്രമാണ് കടപ്പാറയിലെ ആലിങ്കൽ വെള്ളച്ചാട്ടവും ഇവിടുത്തെ കാട്ടരുവികളും കാടുമെല്ലാം. സിനിമകളിലും ഇടം പിടിച്ചിട്ടുള്ള ആലിങ്കൽ വെള്ളച്ചാട്ടം മംഗലംഡാം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അഭിമാന വ്യൂ പോയിന്റു കൂടിയാണ്. കാട്ടരുവികളുടെ സഞ്ചാരവഴികളിലെല്ലാം മാലിന്യമുണ്ട്. ഇതിനാൽ വർഷത്തിൽ ഒരു തവണയെങ്കിലും ഗൈഡ്സ് വിദ്യാർഥിനികൾ സ്ഥലത്തെത്തി ശുചീകരണ പ്രവൃത്തി നടത്തി വരുന്നുണ്ട്.
പ്രകൃതിയുടെ മനോഹാരിതയെ ആവോളം ആസ്വദിച്ചോളു നശിപ്പിക്കരുതേ എന്നാണ് സഞ്ചാരികളോടുള്ള ഗൈഡ്സിന്റെ അഭ്യർഥന.
ഗൈഡ് ക്യാപ്റ്റൻ പി.എസ്. അന്നമ്മ, കരിങ്കയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ സി. രഞ്ജിത്, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ കെ.എ. മുരളീധരൻ, കമ്പനി ലീഡർ അനുപ റോസ്, എസ്. ശ്രീലേഖ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി.