കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ വർണാഭം
1596375
Friday, October 3, 2025 1:26 AM IST
ഒറ്റപ്പാലം: മലയാളത്തിന്റെ പുണ്യം പിറന്ന കലക്കത്ത് ഭവനം ഇളംകുരുന്നുകൾക്ക് മുമ്പിൽ സരസ്വതി ക്ഷേത്രമായി. വിശ്വമഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് നൂറുകണക്കിന് കുട്ടികളാണ് ഇത്തവണയും എത്തിച്ചേർന്നത്.
പൊൻമോതിരം കൊണ്ട് നാവിലും പിന്നീട് അരിയിലും ഹരിശ്രീ കുറിച്ച് കുരുന്നുകൾ അക്ഷരമധുരത്തിന് വഴങ്ങാതെ കരഞ്ഞു ബഹളം കൂട്ടുന്നതും കൗതുകകരമായ കാഴ്ചയായിരുന്നു.
പത്മശ്രീ കൂനത്തറ രാമചന്ദ്രൻ പുലവർ വിദ്യാരംഭ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം കെ. പ്രേംകുമാർ എംഎൽഎ ആണ് ഉദ്ഘാടനം ചെയ്തത്.
അന്യജില്ലകളിൽ നിന്നുപോലും ഇത്തവണ ധാരാളം കുട്ടികൾ ആദ്യാക്ഷരം കുറിക്കാൻ എത്തിയിരുന്നു. കുഞ്ചൻനമ്പ്യാരുടെ എഴുത്താണി കുടികൊള്ളുന്ന കുഞ്ചൻ സ്മാരക വായനശാലയിലും വിദ്യാരംഭചടങ്ങുകൾ വർണാഭമായി.
ജില്ലയിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു.
ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലും ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിലും അമ്പലപ്പാറ കടമ്പൂർ പനയൂർ കാവിലും ഇത്തവണ വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു.