തൊഴുത്തിലെ തൂണ് മറിഞ്ഞുവീണ് ക്ഷീരകർഷകൻ മരിച്ചു
1595756
Monday, September 29, 2025 10:59 PM IST
നെന്മാറ: തൊഴുത്തിലെ തൂണ് ദേഹത്തേക്ക് മറിഞ്ഞുവീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. കയറാടി മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയസമയത്ത് കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സിമന്റ്കട്ട കൊണ്ട് നിർമിച്ച തൂൺ ദേഹത്തേക്ക് മറിഞ്ഞു വീണത്.
ശബ്ദം കേട്ട് വീട്ടുകാരും അയൽക്കാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അടിപ്പെരണ്ട ക്ഷീരോൽപാദക സംഘം മുൻജീവനക്കാരനാണ്. നെന്മാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കയറാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേതരായ മൊയ്തീൻകുട്ടി, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാജ്. മക്കൾ: മുഹ്സിൻ, മുത്തഹസിൻ (ബിഎച്ച് ഇഎൽ ബാംഗ്ലൂർ), മുഹ്സിന. മരുമക്കൾ: തസ്നി ( ദുബായ്), ഷംന, അഷറഫ് ( ദുബായ്).