കാഞ്ഞിരപ്പുഴ കിഫ ഡെസ്കിൽ ലഭിച്ചത് 750 പരാതികൾ
1596083
Wednesday, October 1, 2025 1:29 AM IST
കാഞ്ഞിരപ്പുഴ: കിഫയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ഹെൽപ് ഡെസ്കിൽ വന്യജീവിആക്രമണം സംബന്ധിച്ച് 750 ഓളം പരാതികൾ ലഭിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയോട് ചേർന്നുള്ള 5 വാർഡുകളിൽ ആന, കടുവ, പുലി, പന്നി, കുരങ്ങ്, മലയണ്ണാൻ, മരപ്പട്ടി, മയിൽ എന്നീ വന്യമൃഗങ്ങളുടെ വ്യാപകമായ സാന്നിധ്യവും കൃഷിനാശവും കാരണം ജനങ്ങൾ ദുരിതത്തിലാണ്.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരും കർഷകതൊഴിലാളികളും ടാപ്പിംഗ് തൊഴിലാളികളും അവരുടെ പരാതികൾ സമർപ്പിച്ചത്. കിഫയുടെ നേതൃത്വത്തിൽ പരാതിഫോമുകൾ വിതരണം ചെയ്ത് പരാതികൾ കൊടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ വ്യാപകമായി പരാതികൾ കൊടുത്തത്.
ഇത്ര വ്യാപകമായ വന്യജീവിശല്യം അനുഭവിക്കുന്ന ജനങ്ങൾക്ക് അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര പരിഹാരമാർഗം ബന്ധപ്പെട്ട അധികാരികൾ കണ്ടത്തിയില്ലെങ്കിൽ വനംവകുപ്പിന്റെ ഈ തീവ്രയജ്ഞം വെറുമൊരു പ്രഹസനമായി ജനം വിലയിരുത്തുമെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര പറഞ്ഞു.