ചേലക്കരയിൽ ആനയെ തുരത്താൻ അലാം സ്ഥാപിച്ച് വനംവകുപ്പ്
1595806
Tuesday, September 30, 2025 12:16 AM IST
തൃശൂർ: വന്യജീവിശല്യം രൂക്ഷമായ ചേലക്കരയിൽ കാട്ടാനയുടെ ആക്രമണം തടയാൻ എലഫന്റ് ആൻഡ് വൈൽഡ്ലൈഫ് റിപ്പലന്റ് അലാം സജ്ജീകരിച്ച് വനംവകുപ്പ്. ചേലക്കര മണ്ഡലത്തിലെ ആറ്റൂർ, പഴയന്നൂർ, ചേലക്കര എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് അലാം സ്ഥാപിച്ചത്.
വനമേഖലയോടുചേർന്നുള്ള പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. 16 മുതൽ നടത്തിയ ദ്വൈവാര തീവ്രയജ്ഞപരിപാടിയിൽ വടക്കാഞ്ചേരി മച്ചാട് റേഞ്ചിനു കീഴിലെ പത്തു പഞ്ചായത്തുകളിലും ഒരു മുനിസിപ്പൽ ഏരിയയിലുമാണ് പ്രവർത്തനം നടന്നത്. വന്യജീവികളുടെ ആക്രമണംമൂലമുണ്ടായ കൃഷിനാശം, ഭൂമിതർക്കം, ജീവഹാനി, ഗതാഗതപ്രശ്നം, മരംമുറി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഹെൽപ്പ് ഡെസ്കുകൾ സ്വീകരിച്ചത്. നൂറോളം പരാതികൾ പരിഹരിച്ചെന്നു വനംവകുപ്പ് പറഞ്ഞു.
കാട്ടുപന്നി, മലയണ്ണാൻ, കുരങ്ങ് എന്നിവയുടെ ശല്യംമൂലമുള്ള നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ ഹെൽപ്പ് ഡെസ്ക് വഴി പുരോഗമിക്കുന്നുണ്ട്.
സോളാർ ഫെൻസിംഗ്, കിടങ്ങ് എന്നിവ നിർമിക്കാനുള്ള അപേക്ഷകൾ തദ്ദേശവകുപ്പിലേക്കു കൈമാറും. സീറോ ബജറ്റിൽ നടപ്പാക്കിയ പദ്ധതി 45 ദിവസത്തിനുള്ളിൽ ലക്ഷ്യംകാണുന്ന രീതിയിലാണു സജ്ജീകരിച്ചത്.