കൊയ്യാറായ പാടങ്ങളിൽ കാട്ടുപന്നിക്കൂട്ടം
1596090
Wednesday, October 1, 2025 1:29 AM IST
നെന്മാറ: കൊയ്യാറായ നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ നാശം വരുത്തുന്നു. നെന്മാറ കൃഷിഭവൻ പരിധിയിലെ അരിമ്പൂർപതി, അയ്യർ പള്ളം, കൊടുവാൾ പാറ, തേവർ മണി, കണ്ണോട്, എലന്തംകുളമ്പ്, അള്ളിച്ചോട് തുടങ്ങി നെന്മാറ ആതനാട് മലയുടെ ഇരുവശങ്ങളിലുമുള്ള നെൽപ്പാടങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായത്.
വനംവകുപ്പിന്റെ കാട്ടുപന്നി നിർമ്മാർജനം ഫലവത്താകുന്നില്ല. നെൽപ്പാടത്തിനുചുറ്റും വർണകടലാസുകളും, തുണികളും സാരികളും ഉപയോഗിച്ച് പന്നികളെ തുരത്താനുള്ള പെടാപ്പാടിലാണ് കർഷകർ. പുതുതായി തുണി കെട്ടുന്ന ഒന്നോ രണ്ടോ ദിവസങ്ങളിൽ കാട്ടുപന്നി മറ്റൊക്കെ പോകുമെങ്കിലും തുടർച്ചയായി കാണുന്നതോടെ വീണ്ടും എത്തുന്നുണ്ടെന്നു കർഷകർ പറയുന്നു.
കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ ഒറ്റരാത്രികൊണ്ടുതന്നെ നെല്ലുതിന്നും കിടന്നു മറിഞ്ഞും പകുതിയിലേറെ വിള നശിപ്പിക്കുന്നുണ്ടെന്നാണ് കർഷകരുടെ പരാതി. കൊയ്തെടുക്കാൻ ആഴ്ചകളോളം ബാക്കി നിൽക്കുന്നുണ്ടെങ്കിലും കൊയ്ത്തുയന്ത്രം ലഭിച്ചാൽ ഉടൻ കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.