ചിറ്റൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ വയോധികനു പട്ടികടിയേറ്റു
1596382
Friday, October 3, 2025 1:26 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രി കോമ്പൗണ്ടിനു മുന്നിൽവെച്ച് വയോധികനു തെരുവുനായയുടെ കടിയേറ്റു. ആര്യമ്പള്ളം സ്വദേശി ബാബു (60) വിനാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. ആശുപത്രി കോമ്പൗണ്ടിലുണ്ടായിരുന്ന മൂന്നു നായകളിലൊരെണ്ണമാണ് ബാബുവിന്റെ ഇടതുകാലിൽ കടിച്ചത്.
ചായക്കടയിലുണ്ടായിരുന്നവർ തുരത്തിയതിനാൽ നായകൾ വീണ്ടും ആശുപത്രി കോമ്പൗണ്ടിനകത്തേക്ക് ഓടിക്കയറി. കാലിൽനിന്നും രക്തം ചീറ്റുന്ന നിലയിൽ ബാബുവിനെ സമീപത്തുള്ള സ്റ്റേഷനിലെ പോലീസിന്റെ സഹായത്തിൽ ആശുപത്രിയിലെത്തിച്ചു കുത്തിവെപ്പു നടത്തി. ബുധനാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും ചികിത്സക്കെത്തിയ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ നായകൾ ഓടിച്ചെങ്കിലും ഇരുവരും കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നായകടിയേറ്റ് ബാബുവിന്റെ കാലിൽ നിന്നും രക്തം ചീറ്റുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. അടിയന്തരമായി തെരുവുനായകളെ പിടികൂടണമെന്ന് ആവശ്യം ഉയർന്നു.
രാത്രിയാവുന്നതോടെ കൂടുതൽ തെരുവുനായ്ക്കൾ ആശുപത്രി പ്രവേശനവഴിയിൽ തമ്പടിക്കുകയാണ്.
ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ. ശെൽവൻ ആശുപത്രി കോമ്പൗണ്ടിൽ നിന്നും നായ്ക്കളെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ചിറ്റൂർ -തത്തമംഗലം നഗരസഭാ ചെയർപേഴ്സനു പരാതി നൽകി.