ചിറ്റൂർ തുഞ്ചൻമഠത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു
1596377
Friday, October 3, 2025 1:26 AM IST
ചിറ്റൂർ: തുഞ്ചൻമഠത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ നൂറുകണക്കിനു കുഞ്ഞുങ്ങൾ എത്തി.
ആചാര്യസമാധിയിൽ സൂക്ഷിച്ചിട്ടുള്ള സരസ്വതി, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, മാതംഗി തുടങ്ങിയ ദേവി-ദേവ വിഗ്രഹങ്ങളിലും ആചാര്യൻ ഉപയോഗിച്ചിരുന്ന സാളഗ്രാമം, യോഗദണ്ഡ്, പാദുകം, എഴുത്താണി, താളിയോലഗ്രന്ഥങ്ങൾ എന്നിവയിലും പാരമ്പര്യക്രമമനുസരിച്ചുള്ള പൂജാകർമങ്ങൾക്ക് ശേഷം പൂജാരി നാരായണൻകുട്ടി ആദ്യത്തെ കുട്ടിക്ക് തൃമധുരം നൽകി നാവിൽ ഹരിശ്രീ കുറിച്ചു.
തുടർന്ന് എം. ശിവകുമാർ മാസ്റ്റർ, എം.എസ്. ദേവദാസ് മാസ്റ്റർ, സായ്നാഥ് മേനോൻ, ഡോ. ജയരാമൻ, ഗോകുൽ കൃഷ്ണൻ മാസ്റ്റർ, പ്രേമകുമാരൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ തുടങ്ങിയ ഗുരുക്കന്മാരും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
എഴുത്തിനിരുത്തുന്നതിന് കുരുന്നുബാല്യങ്ങളുമായി എത്തിയവർക്ക് കാലതാമസം ഒഴിവാക്കാൻ സമയക്രമവും മഠത്തിലെ ഹാളിനകത്ത് ഇരിപ്പിടസൗകര്യവും ഒരുക്കിയിരുന്നു.