ഇഞ്ചികൃഷിക്കു ഫംഗസ് ബാധ; ആശങ്ക വിട്ടൊഴിയാതെ കര്‍ഷകർ
1596087
Wednesday, October 1, 2025 1:29 AM IST
നെന്മാറ: ഇഞ്ചികൃഷിയിൽ ഫംഗസ്ബാധ മൂലം വിളനാശം വ്യാപകം. ദ്രുതവാട്ടം പോലുള്ള വൈറസ് രോഗങ്ങൾക്കും മൂടുചീയൽ രോഗങ്ങൾക്കും പുറമേയാണ് ഫംഗസ് ബാധ കർഷകർക്കു വിനയാകുന്നത്.
പോത്തുണ്ടി അരിമ്പൂർപതിയിലെ ഷാജിയുടെ ഒന്നര ഏക്കർ ഇഞ്ചികൃഷി പാടത്താണ് വ്യാപകമായി ഫംഗസ് രോഗം കണ്ടത്. കൃഷി വിദഗ്ധർ നിർദേശിച്ച ഫംഗസ് പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചിട്ടും പൂർണമായി രോഗമുക്തി നേടിയിട്ടില്ല.
ഒരിക്കൽ തളിച്ചമരുന്ന് വീണ്ടും തളിച്ചാൽ ഫലവത്താവത്തതിനാൽ പുതിയ മരുന്ന് തളിച്ച് പരീക്ഷിക്കുകയാണ് കർഷകൻ.
കഴിഞ്ഞ ഒരുമാസംവരെ രോഗബാധ പടരാതെ പിടിച്ചുനിന്നെങ്കിലും മഴയും വെയിലും മാറിമാറി വരുന്ന സാഹചര്യമുണ്ടായതോടെയാണ് രോഗവ്യാപനം വർധിച്ചത്. മണ്ണിൽ നിന്നുതന്നെ രൂപപ്പെടുന്ന ഫംഗസുകളാണ് രോഗകാരണം.
രോഗം ബാധിച്ച വാരങ്ങളിലെ ഇഞ്ചിയുടെ ഓലകൾ പഴുത്ത് ഉണങ്ങിയ രീതിയിൽ ക്ഷയിച്ചു സ്ഥിതിയിലാണുള്ളത്. ഇനിയും മൂന്നുമാസംകൂടി മൂപ്പ് ശേഷിച്ചിരിക്കെയാണ് ഫംഗസ് രോഗബാധ പടർന്നു പിടിച്ചത്.