വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ
1595800
Tuesday, September 30, 2025 12:15 AM IST
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി. ടെന്റുകെട്ടി തൃശൂർ ലൈനിൽ തങ്കം ജംഗ്ഷനടുത്താണ് രണ്ടുവരി പ്പാതകൾ അടച്ച് മേൽപ്പാലത്തിൽ പണി നടക്കുന്നത്.
ബീമുകൾക്കിടയിലാണ് കുത്തിപ്പൊളിക്കൽ. കമ്പികൾപൊട്ടി വിടവ് രൂപപ്പെട്ടതിനെതുടർന്നാണ് വർക്ക് നടത്തുന്നതെന്നു കരാർകമ്പനി അധികൃതർ പറയുന്നു.
ഇത്തരം പണികൾ ഇടയ്ക്കിടെയുണ്ടാകുമെന്നും ഇതു പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകില്ലെന്നുമാണ് പറയുന്നത്. ഇതിപ്പോൾ നാല്പതിലേറെ തവണ കുത്തിപ്പൊളിച്ച് റിപ്പയർ വർക്കുകൾ നടത്തിക്കഴിഞ്ഞു. വീണ്ടും അതേ ജോലികൾ തുടരുകയാണ്.
ഇതുമൂലം ഒരു ദിശയിലേക്ക് മൂന്നുവരിപ്പാത എന്നതു പലപ്പോഴും ഒറ്റവരിയായി ചുരുങ്ങുന്ന സ്ഥിതിയുണ്ട്. പാലം ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷത്തിനുള്ളിലാണ് ഇത്രയും തവണ റിപ്പയർ വർക്കുകൾ നടക്കുന്നത്.
2021 ഫെബ്രുവരി ആറിനാണ് മേൽപ്പാലം തുറന്നത്. മറ്റു പാലങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തത്ര റിപ്പയർ വർക്കുകൾ കുറഞ്ഞ വർഷത്തിനുള്ളിൽതന്നെ ഈ മേൽപ്പാലത്തിൽ നടത്തിയിട്ടുണ്ട്.
നേരത്തേയൊക്കെ റിപ്പയർ വർക്കുകൾക്ക് രണ്ടുമാസമെങ്കിലും ആയുസുണ്ടായിരുന്നു. ഇപ്പോൾ ഒരു മാസംപോലും തികയ്ക്കുന്നില്ല.
ബീമുകൾ തമ്മിൽ യോജിപ്പിക്കുന്ന ഭാഗങ്ങൾ തകരുന്നതാണ് നിരന്തരമായ റിപ്പയർ പണികൾക്ക് കാരണമാകുന്നത്. ചുരുക്കത്തിൽ അനുവദനീയമായ വേഗതയിൽ പോലും വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ വാഹനങ്ങൾക്കു പോകാനാകില്ല.