പാലക്കയംകാർക്കു വർഗീസ് ചേട്ടൻ ഇനി ദീപ്തമായ ഓർമ
1596373
Friday, October 3, 2025 1:26 AM IST
പാലക്കയം: സെന്റ് മേരീസ് പള്ളിയിൽ ശുശ്രൂഷിയായി സേവനം ചെയ്തിരുന്ന പാലക്കയം ഞാറ്റുകാലായിൽ വർഗീസ് ചേട്ടന്റെ സേവനം ഇനി പാലക്കയംകാർക്ക് കിട്ടില്ല. കഴിഞ്ഞ 45 വർഷമായി പാലക്കയം സെന്റ് മേരീസ് പള്ളിയിലെ കപ്യാരായി സേവനം ചെയ്തുവരികയായിരുന്നു വർഗീസ് ചേട്ടൻ.1974 ൽ കോട്ടയത്തുനിന്നും പാലക്കയത്ത് കുടിയേറിയ വർഗീസ് 1980 ൽ പുതിയ പള്ളി നിർമിച്ചതോടെ ദേവാലയ ശുശ്രൂഷിയായി മാറുകയായിരുന്നു. മാർ ജോസഫ് ഇരിമ്പൻ, മാർ ജേക്കബ് മനത്തോടത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നീ മൂന്നു ബിഷപ്പുമാരുടെ കാലയളവിൽ പാലക്കയത്തെ കപ്യാരായി പ്രവർത്തിച്ചു.
പള്ളിയിലെ കാര്യങ്ങൾക്കായിരുന്നു വർഗീസ് ചേട്ടൻ എന്നും പ്രധാന്യം നൽകിയിരുന്നത്. എന്നും രാവിലെ ദിവ്യബലിക്കു മുൻപായിതന്നെ ദേവാലയത്തിൽ എത്തുന്ന വർഗീസ് ചേട്ടൻ ദിവ്യബലിക്ക് ഒരുക്കുകയും ശുശ്രൂഷിയായി വൈദികനെ സഹായിക്കുകയും ചെയ്തിരുന്നു.
വീടു വെഞ്ചരിപ്പിനായാലും വിവാഹത്തിനായാലും മാമോദീസയ്ക്കായാലും വർഗീസ് ചേട്ടൻ എപ്പോഴും തയ്യാറായി നേരത്തെതന്നെ പള്ളിയിലെത്തും. നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരിയായിരുന്ന വർഗീസ് ചേട്ടന്റെ മരണം വലിയ ഒരു നഷ്ടമായാണ് പാലക്കയംകാർ വിലയിരുത്തുന്നത്.
മരണവാർത്തയറിഞ്ഞ് നിരവധി പേർ പാലക്കയത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ച് പ്രാർഥിച്ചു.