ഹൃദയപൂര്‍വം കാമ്പയിനു ജില്ലയില്‍ തുടക്കം
1595803
Tuesday, September 30, 2025 12:15 AM IST
പാലക്കാട്: ലോക ഹൃദയദിന ത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സിപിആര്‍ പരിശീലനപരിപാടിയായ ഹൃദയപൂര്‍വം കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൃദയാഘാതം സംശയിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രാഥമികചികിത്സ നല്കാവുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദയപൂര്‍വം കാമ്പയിന് തുടക്കം കുറിക്കുന്നത്.
വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസേവകര്‍ക്കും ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ കാവ്യ കരുണാകരന് അധ്യക്ഷത വഹിച്ചു.
കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി വൈശാഖ് ബാലന്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇഎല്‍എസ് കമ്മിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കാജല്‍ ആബിദ് എന്നിവര്‍ പരിശീലനം നല്കി. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ അഹമ്മദ് അഫ്സല്, ജില്ലാ ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബി ശ്രീരാം, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന പ്രസംഗിച്ചു.