ഫാം ടൂറിസം കേന്ദ്രമാകാന്‍ പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡ് ഒരുങ്ങുന്നു
1596384
Friday, October 3, 2025 1:26 AM IST
പാലക്കാട്: പട്ടാമ്പിയില്‍ കൃഷി വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ഓര്‍ച്ചാഡ് സമഗ്ര നവീകരണ പദ്ധതികളുമായി ആധുനിക ഫാം ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ മുഹമ്മദ് മുഹസിന് എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കര്‍ഷകര്‍ക്ക് നല്ല വിത്തിനങ്ങള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.
കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, ഫാം ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ആധുനിക കൃഷിരീതികളും സാങ്കേതികവിദ്യകളും പരിശീലിക്കാന്‍ സാധിക്കുന്ന സ്ഥാപനമായി ഓര്ച്ചാഡിനെ മാറ്റുക എന്നിവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ ജൈവകൃഷി പരിശീലന കേന്ദ്രം ഓര്‍ച്ചാഡ് വളപ്പില്‍ നിര്‍മിക്കും. കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. നൂറുപേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, ജൈവ കൃഷി മിശ്രിത നിര്‍മാണ പരിശീലന ഏരിയ, പോളി ഹൗസ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫാമിംഗ് സാങ്കേതികവിദ്യകള്‍ എന്നിവ ഈ പരിശീലന കേന്ദ്രത്തിന്റെ ഭാഗമാകും.
നവീകരണ പദ്ധതിയുടെ ഭാഗമായി 26 ഏക്കറിലായി പരന്നുകിടക്കുന്ന ഓര്‍ച്ചാഡിന്റെ മുഖഛായ മാറ്റുന്ന നിരവധി ഉദ്യാനങ്ങള്‍ ഒരുങ്ങും.
വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങള്‍, ഔഷധസസ്യ തോട്ടങ്ങള്‍, അലങ്കാരപുഷ്പങ്ങളുടെ ഉദ്യാനം, ശലഭോദ്യാനം, മാതൃകാ മ്യൂസിയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഫലവൃക്ഷങ്ങളുടെയും തെങ്ങിന്തൈകളുടെയും മാതൃകാ തോട്ടങ്ങളും സ്ഥാപിക്കും. ഓര്‍ച്ചാഡിന്റെ സൗന്ദര്യവത്കരണത്തിനായി ഇരിപ്പിടങ്ങളോടുകൂടിയ പൂന്തോട്ടങ്ങളും നിര്‍മിക്കുന്നുണ്ട്. ജലസേചന കാര്യക്ഷമത ഉറപ്പാക്കാന്‍ നിലവിലെ കുളം നവീകരിക്കുന്നതിനോടൊപ്പം, വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും വെള്ളമെത്തിക്കുന്നതിനായി മൈക്രോ ഇറിഗേഷന്‍ സംവിധാനം നടപ്പിലാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓര്ച്ചാഡിനു ചുറ്റുമുള്ള പഴയ മതില് പൊളിച്ചു പുനര്‍നിര്‍മാണം ആരംഭിച്ചു.
ജൈവകൃഷി പരിശീലന യൂണിറ്റിന്റെ കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മൂന്ന് കുഴല്‍കിണറുകള്‍ കുഴിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നിലവിലുള്ള പഴയ ഫലവൃക്ഷങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പ്രൂണിംഗ് നടത്താനും കേരള കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ മുഖ്യലക്ഷ്യമായ ഫാം ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഓര്‍ച്ചാഡിന്റെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കും. 1962 ല്‍ കൃഷി വകുപ്പ് ഏറ്റെടുത്ത 29 ഇനം മാവിനങ്ങളുള്ള ഈ മാന്തോപ്പ് മികച്ച മാംഗോ ഓര്‍ച്ചാഡ് എന്ന നിലയില്‍ പ്രശസ്തമാണ്.
ഒളൂര്‍ മാവ് മുതല്‍ അല്‍ഫോന്‍സ, മല്ലിക, ഹിമാംപസന്ത് തുടങ്ങിയ അപൂര്‍വയിനങ്ങള്‍ ഇവിടെയുണ്ട്. ഓര്‍ച്ചാഡിലെ പ്രായാധിക്യമുള്ള മുന്നൂറോളം മാവുകള്‍ പ്രൂണിംഗ് നടത്തി നവജീവന്‍ നല്‍കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധരുടെ പരിശോധനയ്ക്കായി കത്ത് നല്‍കിയിട്ടുണ്ട്.
പച്ചക്കറി വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍,നാണ്യവിളച്ചെടികള്, മികച്ച കുരുമുളകുതൈകള്‍ എന്നിവയുടെ വിതരണ കേന്ദ്രമെന്ന നിലയില്‍ ഓര്‍ച്ചാഡ് ഇതിനോടകം കര്‍ഷകര്‍ക്ക് പ്രയോജനകരമാണ്.
വില്പനയിലൂടെ ഈ വർഷം ഇതുവരെ 28 ലക്ഷം രൂപയുടെ വിറ്റുവരവാണ് പട്ടാമ്പി സെന്‍ട്രല്‍ ഓര്ച്ചാഡിന് ലഭിച്ചിട്ടുള്ളത്.