ജില്ലാ കളക്ടറുടെ റിപ്പോർട്ടിനുമുന്പ് കല്ലുകടത്തുന്ന നീക്കം തടഞ്ഞു
1596089
Wednesday, October 1, 2025 1:29 AM IST
വടക്കഞ്ചേരി: തൃശൂർ- പാലക്കാട് ദേശീയപാതയ്ക്കടുത്ത് അണക്കപ്പാറയിലെ കരിങ്കൽ ക്വാറിക്കെതിരെ വീണ്ടും നാട്ടുകാർ രംഗത്തെത്തി.
കളക്ടറുടെ റിപ്പോർട്ടിനു ശേഷമേ ക്വാറിയിൽനിന്നു കല്ലുകൊണ്ടു പോകാവു എന്ന് ഒരാഴ്ച മുമ്പ് പോലീസ് ഇടപ്പെട്ട് തീരുമാനിച്ചിരുന്നെങ്കിലും അതുമറികടന്ന് ഇന്നലെ കല്ലുകടത്താൻ നീക്കമുണ്ടായതാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്. വിവരമറിഞ്ഞ് പോലീസെത്തി ക്വാറി നടത്തിപ്പുകാരുമായി സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി നടത്തിപ്പുകാർക്കു നൽകാനായില്ല.
ജിയോളജിസ്റ്റിന്റെ വാക്കാലുള്ള അനുമതിയുണ്ടെന്നും കല്ല് കൊണ്ടുപോകുമെന്നായിരുന്നു നടത്തിപ്പുകാരുടെ വെല്ലുവിളി.
എന്നാൽ രേഖാമൂലമല്ലാതെ വാക്കാൽ അനുമതി അംഗീകരിക്കില്ലെന്ന നിലപാടിൽ നാട്ടുകാരും ഉറച്ചു നിന്നു. ഇതിനെതുടർന്ന് ശ്രമം ഉപേക്ഷിച്ച് നടത്തിപ്പുകാർ പിന്തിരിയുകയായിരുന്നു.
ഏതാനും സെന്റ് സ്ഥലത്തുമാത്രം പാറ പൊട്ടിക്കാൻ സമ്പാദിച്ച ലൈസൻസിന്റെ മറവിൽ പ്രദേശമാകെ പാറ ഖനനം നിർബാധം തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
അനധികൃത ഖനനം നടത്തി കല്ല് പുറത്തു കൊണ്ടുപോകുന്നത് കഴിഞ്ഞദിവസവും നാട്ടുകാർ തടഞ്ഞിരുന്നു.