ദശദിനാചരണത്തിനും സ്കൗട്സ്, ഗൈഡ്സ് ക്യാന്പിനും തുടക്കം
1595566
Monday, September 29, 2025 1:13 AM IST
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ദശദിനാചരണത്തിനും സ്കൗട്സ് ഗൈഡ്സ് ക്യാന്പ്- സെസ്റ്റ് 2കെ25 നും തുടക്കമായി.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലും മണ്ണാർക്കാടുമുള്ള പൊതുസ്ഥലങ്ങളുടെ ശുചീകരണം, താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം, ലഹരി വിരുദ്ധറാലി, പൊറ്റശേരി സ്കൂളിന്റെ കൂടൊരുക്കൽ പദ്ധതിയിലെ ആറാമത്തെ വീടിന്റെ തറക്കല്ലിടൽ, സെമിനാറുകൾ, ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളാണ് ദശദിനാചരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരിപാടികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തിൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങൾ ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം പി. രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ, പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ്, സ്റ്റാഫ് സെക്രട്ടറി മൈക്കിൾ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ദിവ്യ അച്യുതൻ, സ്കൗട്ട് മാസ്റ്റർ എച്ച് അനീസ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.എൻ. രംഗസ്വാമി, എസ്. സനൽകുമാർ, ടി. രാധാകൃഷ്ണൻ ജിഷ്ണുവർധൻ, പിടിഎ അംഗം വി. രാജേഷ്, ലീഡർമാരായ പ്രഫുൽ ദാസ്, അജയ് കൃഷ്ണ, ലക്ഷ്മിനന്ദ, അനീറ്റ ജോജോ, വി. അക്ഷയ് എന്നിവർ പ്രസംഗിച്ചു.