വടക്കഞ്ചേരി ടൗണിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ ലംഘിക്കുന്നു
1595812
Tuesday, September 30, 2025 12:16 AM IST
വടക്കഞ്ചേരി: ടൗണിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽപറത്തി ചരക്ക് ഇറക്കൽ തോന്നുംമട്ടിൽ. രാവിലെ എട്ടരമുതൽ പത്ത് വരെയും വൈകുന്നേരം മൂന്നര മുതൽ അഞ്ച് വരെയും ടൗൺ റോഡുകളിൽ ചരക്കുലോറികൾ നിർത്തി ലോഡ് കയറ്റുന്നതും ഇറക്കുന്നതും പാടില്ലെന്നായിരുന്നു ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം. 2022 ഓഗസ്റ്റ് 27 ന് പഞ്ചായത്ത് അധികൃതർ, പോലീസ്, ജോയിന്റ് ആർടിഒ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരം തീരുമാനങ്ങൾ ഐക്യകണ്ഠേന എടുത്തത്.
കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിന് ചേർന്ന യോഗത്തിലും ഈ തീരുമാനങ്ങൾ പുതുക്കുകയും ഉടൻ പ്രാബല്യത്തോടെ നടപ്പിലാക്കാൻ വീണ്ടും തീരുമാനിക്കുകയും ചെയ്തു. പക്ഷെ, തീരുമാനങ്ങൾ നടപ്പിലാക്കൽ തീരുമാനങ്ങളിൽ തന്നെ ഒതുങ്ങി. പരാതികളും വിമർശനങ്ങളും സഹിക്കവയ്യാതാകുമ്പോൾ പേരിന് എന്തെങ്കിലുമൊക്കെ കാട്ടികൂട്ടും. ഒന്നും ശാശ്വത നടപടികളല്ലെന്നാണ് ആരോപണം.
രാവിലെ സ്കൂൾ സമയങ്ങളിലാണ് ടൗണിലെ ഇടുങ്ങിയ റോഡുകളിൽ പോലും വലിയ ചരക്കുലോറികൾ നിർത്തിയിട്ട് ലോഡ് ഇറക്കൽ നടത്തുന്നത്. സ്കൂൾ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് ഏറെ നേരം കിടക്കണം. കൂടുതൽ ലോഡ് ഇറക്കാനുണ്ടെങ്കിൽ അത്രയും സമയവും യാത്രാവാഹനങ്ങൾ കുടുങ്ങികിടക്കും.
പോലീസിൽ അറിയിച്ചിട്ടും പ്രയോജനമില്ല. പൊതുറോഡുകളിൽ കടകൾക്കു മുന്നിൽ സ്ഥിരമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് 2019 ൽ ഹൈക്കോടതി ഉത്തരവുണ്ട്. ഇത്തരം അനധികൃത പാർക്കിംഗ് റോഡിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥിരമായുള്ള പാർക്കിംഗ് മൂലം ആളുകൾക്ക് കടകളിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വഴിയോര കച്ചവടക്കാരുടെ ഉന്തുവണ്ടി, ഓട്ടോറിക്ഷ തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സ്ക്വാഡ് പ്രവർത്തിക്കുമെന്നതും വെറും വാക്കായി. വഴിയാത്രക്കാർക്കായി ഫുട്പാത്തുകൾ പൂർണമായും ഒഴിച്ചിടണമെന്ന തീരുമാനവും കടലാസിലൊതുങ്ങി. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ പിടികൂടും എന്ന തീരുമാനവും നടപ്പായില്ലെന്നാണ് ആക്ഷേപം.