അരിയൂർ സഹകരണ ബാങ്ക് പ്രതിസന്ധി: നിയമനടപടിക്കൊരുങ്ങി ഭരണസമിതി
1596086
Wednesday, October 1, 2025 1:29 AM IST
മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാവുമെന്ന് ഭരണസമിതി.
ഭരണസമിതി അംഗങ്ങൾ പണം തിരിച്ചടയ്ക്കണമെന്നത് അന്വേഷണ റിപ്പോർട്ടാണെന്നും അന്തിമവിധിയല്ലെന്നും അംഗങ്ങൾ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറു കോടിയിലധികം രൂപ ബാങ്കിലേക്ക് തിരിച്ചുവരാനുണ്ടെന്നും 45 കോടിയോളം രൂപ മാത്രമാണ് ബാങ്കിന് ബാധ്യതയെന്നും അംഗങ്ങൾ പറഞ്ഞു.
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ബാങ്കിനു ലഭിക്കാനുള്ള പണം തിരിച്ചുപിടിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ബാങ്കിലേക്ക് പണം തിരിച്ചുവരുന്ന സ്ഥിതി തുടങ്ങിയിട്ടുണ്ടെന്നും വൈകാതെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും മറ്റു പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.
ഭരണസമിതിക്ക് നേരെ വന്നിട്ടുള്ള അന്വേഷണ റിപ്പോർട്ടിന്മേൽ നിയമ നടപടി സ്വീകരിക്കുമെന്നും അംഗങ്ങൾ വ്യക്തമാക്കി.
85 ലക്ഷം രൂപ വായ്പയെടുത്ത പലർക്കായി ഇളവ് നൽകിയതാണ്. ഇതു നിയമപരമായല്ല നൽകിയിട്ടുള്ളത്. ഇവർക്ക് ബാങ്ക് നോട്ടീസ് നൽകും. പത്തോളം ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജോലിക്കാരുണ്ടായിരുന്നു.
ഇവരെ നിയമിച്ചത് നിയമപരമായി ആയിരുന്നില്ല. ഇവർക്ക് നൽകിയ ശമ്പളമാണ് ബാധ്യതയായത്.
പിന്നീട് ബാങ്ക് നഷ്ടത്തിലായ സമയത്തും മാധ്യമങ്ങൾക്ക് പരസ്യം നൽകിയതും ഭരണസമിതിക്ക് ബാധ്യതയായി. ഇതെല്ലാമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിക്കും. അന്വേഷണ റിപ്പോർട്ടിലുള്ള കാര്യങ്ങളെല്ലാം കഴിഞ്ഞ പത്തുവർഷത്തിലധികമായി ബാങ്കിൽ നടക്കുന്ന കാര്യങ്ങളാണ്.
ഈ സമയത്തെല്ലാം ഓഡിറ്റർമാർ ബാങ്കിലുണ്ടായിരുന്നു. എന്നാൽ ഇത് പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കാൻ ഇവർ തയാറായിട്ടില്ല.
അതിനാൽ ഇവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഭരണസമിതി പ്രസിഡന്റ് പാറശ്ശേരി ഹസ്സൻ, വൈസ് പ്രസിഡന്റ് അസീസ് ഭീമനാട് തുടങ്ങിയവർ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.