ശാസ്ത്രീയമായ കൃഷിരീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1596371
Friday, October 3, 2025 1:26 AM IST
പാലക്കാട്: മണ്ണിന്റെ പ്രത്യേകതകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞുള്ള കൃഷിരീതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ‘കൊയ്ത്തിനൊരു കൈത്താങ്ങ്’ 17 കൊയ്ത്ത് യന്ത്രങ്ങളുടെ ഫ്ളാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മണ്ണിന്റെ പോഷക ഘടകങ്ങൾ അറിഞ്ഞ് പരിചരിച്ചാൽ കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാകും. കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് എങ്ങനെ മണ്ണിനെ പരിപാലിക്കാമെന്നത് കർഷകർ പഠനവിധേയമാക്കണം. ഇത് സംബന്ധിച്ചുള്ള പരിശീലന പരിപാടികളും അനിവാര്യമാണ്.
മണ്ണ്, ജലം എന്നിവ പരിശോധിച്ച് കൃഷി ചെയ്യുന്ന സന്പ്രദായം കൊണ്ടുവരാൻ കഴിയണം.ശാസ്ത്രീയമായ കൃഷി രീതികളിലൂടെ മാത്രമേ ഉത്പാദനക്ഷമത വർധിപ്പിക്കാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. ആലത്തൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒൻപതര വർഷം കൊണ്ട് സമസ്ത മേഖലകളിലും നേട്ടങ്ങൾ ഉണ്ടായി. റോഡ് നവീകരണം, ജലസേചനം, കുടിവെള്ളം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടയ വിതരണം, ഡിജിറ്റൽ സർവേ എന്നിങ്ങനെ വിവിധ മേഖലകളിലും മുന്നേറ്റമുണ്ടായി. കൃഷിക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അത്തരം പ്രശ്നങ്ങളെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞു.
കേരളത്തിൽ ആദ്യമായി ജലസേചന കനാലുകളുടെ സംരക്ഷണത്തിനും ജലനിയോഗത്തിനുമുള്ള ഫാർമേഴ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത് ആലത്തൂർ മണ്ഡലത്തിലാണ്. സമഗ്ര കാർഷിക വികസനത്തിനായി രൂപം കൊണ്ട ‘നിറ’ പദ്ധതി മറ്റു പ്രദേശങ്ങൾക്കും മാതൃകയാണ്. നിറയുടെ ആഭിമുഖ്യത്തിൽ കർഷകർക്ക് ആവശ്യമുള്ള വിത്തുകൾ, കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയവയെല്ലാം മിതമായ നിരക്കിൽ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊയ്ത്ത് യന്ത്രങ്ങളുടെ ഫ്ളാഗ് ഓഫിന് പുറമെ മണ്ഡലതലത്തിൽ കർഷകർക്കുള്ള ഇൻസെന്റീവ് വിതരണം, മുതിർന്ന കർഷകരെ ആദരിക്കൽ, കൂണ് ഗ്രാമം പദ്ധതി നിർവഹണം, ഒൗഷധസസ്യങ്ങളുടെ രണ്ടാംഘട്ട വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. അറുമുഖപ്രസാദ് പദ്ധതി വിശദീകരണം നടത്തി.
ആലത്തൂർ സ്വാതി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, എ. പ്രേമകുമാർ, ടി. വത്സല, ഗ്രാമപഞ്ചായത്ത് അംഗം എൻ. കുമാരി, നിറ കണ്വീനർ എം.വി. രശ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ആലത്തൂർ നിറ കോ-ഓർഡിനേറ്റർ മിത്തു ആന്റോ, നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. മാനസ, ആലത്തൂർ കൃഷി ഓഫീസർ കെ. ശ്രുതി, തൃശൂർ കൈക്കോ മാനേജർ കെ. സന്തോഷ് കുമാർ, നിറ ഹരിതമിത്ര പ്രസിഡന്റ് പി. മോഹൻദാസ്, സെക്രട്ടറി പ്രദോഷ്കുമാർ എന്നിവർ പങ്കെടുത്തു.