ദേശീയതലത്തിൽ രണ്ടാംറാങ്കുമായി കുഞ്ഞുലക്ഷ്മിടീച്ചറുടെ പ്രയാണം
1595801
Tuesday, September 30, 2025 12:15 AM IST
പാലക്കാട്: വിശ്രമജീവിതം വിശ്രമിക്കാനുള്ളതല്ലെന്ന വിശ്വാസമാണ് കുഞ്ഞുലക്ഷ്മി ടീച്ചർക്ക്. ജീവിതത്തിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും എഇഒയായും വിദ്യാർഥികൾക്കു വഴികാട്ടിയിരുന്ന ടീച്ചർ പുതിയ വഴി തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതിനു തുണയായി റാങ്ക് നേട്ടവും വന്നെത്തുന്പോൾ ടീച്ചർ ഒരുങ്ങിത്തന്നെയാണ്. കേന്ദ്രസർക്കാരിന്റെ യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയം നാഷണൽ സർവീസ് സൊസൈറ്റി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാംറാങ്കാണ് ടീച്ചർ നേടിയെടുത്തത്.
ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി, സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്രോഗ്രാം വിഭാഗത്തിലാണ് റാങ്ക് നേട്ടം.
ഡിപ്രഷൻ, ആകാംക്ഷ, സ്ട്രെസ് ആൻഡ് സ്ട്രെയ്ൻ തുടങ്ങിയ പ്രശ്നങ്ങളാൽ സമ്മർദം അനുഭവിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും വയോജനങ്ങളുടെയും മാനസികാരോഗ്യ പരിചരണത്തിന് ഇന്നു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് കൗൺസലിംഗ് സൈക്കോളജി കോഴ്സ് പഠിക്കാൻ പ്രേരിപ്പിച്ചത്.
സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇതിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ നല്ലൊരു കൗൺസലറും മോട്ടിവേറ്ററുമാകാനാണ് ടീച്ചറുടെ പുതിയ പ്രയാണം തുടങ്ങുന്നത്. മലന്പുഴ ആഞ്ജനേയം വീട്ടിൽ ഇനി കൗൺസലിംഗിന്റെ പുത്തൻ വാതായനം തുറക്കുകയാണ്.
ഇറിഗേഷൻ വകുപ്പിൽനിന്നും വിരമിച്ച കേരള എൻജിഒ ഫ്രണ്ട്- ജേക്കബ് മുൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയകൃഷ്ണനാണ് ഭർത്താവ്. ഡോ.ജെ.എസ്. ഐശ്വര്യ, എൻജിനീയറായ ജെ.എസ്. അഭിമന്യു എന്നിവർ മക്കൾ.