വന്യജീവി ആക്രമണം; പരാതി സെല്ലുകളിലേക്ക് കർഷകരുടെ പരാതിപ്രവാഹം
1596082
Wednesday, October 1, 2025 1:29 AM IST
വടക്കഞ്ചേരി: വന്യജീവി ആക്രമണ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ആരംഭിച്ച പരാതി സെല്ലുകളിൽ ലഭിച്ചത് 1200 പരാതികൾ. വനാതിർത്തിവരുന്ന പഞ്ചായത്തുകളായ വണ്ടാഴി, കിഴക്കഞ്ചേരി ചൂലന്നൂർ മയിൽ സങ്കേതം ഉൾപ്പെടുന്ന പെരിങ്ങോട്ടുകുറിശി, കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിൽ നിന്നാണ് പരാതി ലഭിച്ചിട്ടുള്ളതെന്ന് മംഗലംഡാം കരിങ്കയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം പറഞ്ഞു.
പരാതി സ്വീകരിക്കുന്ന അവസാനതിയതിയായ ഇന്നലെ ഫോറസ്റ്റ് ഓഫീസുകളിൽ മാത്രമാണ് പരാതികൾ സ്വീകരിച്ചത്. പരാതികളിൽ 80 ശതമാനവും പന്നിശല്യം ചൂണ്ടിക്കാട്ടിയുള്ളതാണ്. ആന, മാൻ, കുരങ്ങ്, വാവൽ, മലയണ്ണാൻ, മുള്ളൻപന്നി, മയിൽ, തത്തകൂട്ടങ്ങൾ തുടങ്ങിയവയുടെ ശല്യമുണ്ടെന്നുള്ള പരാതികളാണ് മറ്റെല്ലാം. ഷൂട്ടർമാരുടെ സഹായത്തോടെ വണ്ടാഴി പഞ്ചായത്തിൽ ശല്യക്കാരായ പന്നികളെ വെടിവച്ചുകൊന്ന് നശിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കത്തോലിക്ക കോൺഗ്രസ്, കിഫ, നേർച്ചപ്പാറ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾക്കൊപ്പം വ്യക്തികളുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നുള്ള കൂട്ടായ പരാതികളും നൽകിയിട്ടുണ്ട്. ആന ഉൾപ്പെടെ ശല്യമുള്ള പാലക്കുഴിയിൽ നിന്നും നിരവധി ആളുകൾ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പടങ്ങൾ സഹിതം പ്രസിദ്ധീകരിച്ച ദീപിക വാർത്തകൾ ചൂണ്ടിക്കാട്ടി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹിയായ ഡെന്നി തെങ്ങുംപള്ളിയും നിവേദനം നൽകി.