കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഒറ്റപ്പാലം വഴിയുള്ള ആദ്യയാത്രയ്ക്കു തുടക്കം
1596383
Friday, October 3, 2025 1:26 AM IST
ഒറ്റപ്പാലം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഒറ്റപ്പാലം വഴിയുള്ള ആദ്യയാത്രക്ക് തുടക്കമായി. കെഎസ്ആർടിസി യുടെ മണ്ണാർക്കാട് ഡിപ്പോയാണ് ശ്രീകൃഷ്ണപുരം, അന്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം, ഷൊർണൂർ വഴിയുള്ള ആദ്യ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മണ്ണാർക്കാട്നിന്ന് ആരംഭിച്ച ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം യാത്രയിൽ അന്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കടന്പൂർ, അന്പലപ്പാറ, ഒറ്റപ്പാലം മുൻസിപ്പാലിറ്റി, അനങ്ങനടി, വാണിയംകുളം പഞ്ചായത്തിൽ നിന്നുള്ളവർ ആണ് പങ്കെടുത്തത്. മണ്ണാർക്കാട് ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ ഷർഫുദ്ദീൻ, എം.സി. കൃഷ്ണകുമാർ, എം. സജീവ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
നിലവിൽ ജില്ലയിൽ നിന്ന് പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നാണ് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾ സംഘടിപ്പിക്കുന്നത്. ഈ യാത്രകളെല്ലാം നിലവിൽ പാലക്കാട് വഴിയാണ് പോകുന്നത്.
ജില്ലയിലെ മധ്യ, പടിഞ്ഞാറൻ മേഖല വഴി ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾ ആരംഭിക്കാൻ മുൻകൈ എടുക്കണമെന്ന ഈ മേഖലയിലെ യാത്രാപ്രേമികളുടെ നിർദേശം കെഎസ്ആർടിസി അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് ഒറ്റപ്പാലം മേഖലയിൽ നിന്ന് യാത്രക്ക് ആളുകളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഒറ്റപ്പാലം അർബൻ ബാങ്ക് മാനേജർ എസ്. സഞ്ജീവ് അറിയിച്ചു.