നെൽച്ചെടികളിൽ ഓലകരിച്ചിൽ രൂക്ഷം; വിളവു കുറയുമെന്ന് ആശങ്ക
1595810
Tuesday, September 30, 2025 12:16 AM IST
കൊടുവായൂർ: പടിക്കൽപ്പാടത്തും സമീപത്തും കൊയ്യാറായ വയലുകളിൽ നെൽച്ചെടികൾക്ക് ഓലകരിച്ചിൽ രൂക്ഷം. കൃഷിഭവൻ അധികൃതരുടെ നിർദേശപ്രകാരം പ്രതിരോധമരുന്നുകൾ പ്രയോഗിച്ചിട്ടും നെൽച്ചെടിയിലെ ഉണക്കത്തിനു പരിഹാരമാവുന്നില്ല. മുൻവർഷങ്ങളിൽ സമയോചിതമായി ജലംലഭിക്കാതെ ഉണക്കം നേരിട്ടു കൃഷിനാശം ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇത്തവണ മഴകൂടിയതും കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കതിരിട്ട നെൽച്ചെടികൾ വീണതിനു പുറമെ ചീയൽ ബാധിച്ചും കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഇത്തവണ നല്ല വിളവ് ലഭിക്കുമെന്ന കർഷകർ പ്രതീക്ഷിച്ച സമയത്താണ് നെൽച്ചെടികൾക്ക് വിനയായി കാലംതെറ്റിമഴയെത്തിയത്.