കോവളം കൊട്ടാരത്തിനുവേണ്ടി ശബ്ദമുയർത്തിയ വിഎസ്
1578251
Wednesday, July 23, 2025 6:52 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കേരളത്തിന്റെ പൈതൃക സ്വത്തായ കോവളം കൊട്ടാരം കൈവിട്ടു പോയപ്പോൾ അതിനെതിരെ ശബ്ദമുയർത്തിയ കരുത്തനായ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ.
പ്രതിപക്ഷ നേതാവിന്റെ അധികാരത്തോടെ പ്രതിപക്ഷ എം എൽഎമാരെയുംകൂട്ടി കോവളം കൊട്ടാരത്തിൽ നേരിട്ടെത്തി കരുത്തറിയിച്ചു മടങ്ങി. അടച്ചിട്ടിരുന്ന കൊട്ടാരത്തെ തഹസിൽദാരെ വിളിച്ചു വരുത്തി തുറന്നുകാണാനുള്ള ചങ്കൂറ്റവും കാണിച്ചു.
കൈമാറ്റം നടത്തിയവർ കാണിച്ച അലംഭാവവും കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും പേരു പറഞ്ഞു കോടിക്കണക്കിനു വിലവരുന്ന കൊട്ടാരവും ഏക്കർകണക്കിനു ഭൂമിയും സ്വകാര്യ വ്യക്തികളുടെ കൈ യേറി പോയതിനെതിരെയുള്ള വിയോജനം സ്വന്തം പാർട്ടി ഭരിക്കുന്ന സർക്കാരിനെ അറിയിക്കാനും മറന്നില്ല.
1932-ൽ തിരുവിതാംകൂർ രാജാവായിരുന്ന രാമവർമ വലിയകോയിത്തമ്പുരാനാണു കോവളത്ത് പ്രകൃതി രമണിയമായ കടൽത്തീരത്തു വേനൽക്കാലം ചെലവഴിക്കാൻ ലക്ഷ്യംവച്ചു കൊട്ടാരം പണിയുന്നത്. 1962-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും സർക്കാർ ഏറ്റെടുത്തു. 1976-ൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പിനു കൈമാറിയ സ്ഥലത്ത് 2002 വരെ ഐടിഡിസിയുടെ അശോക ബീച്ച് റിസോർട്ട് പ്രവർത്തിച്ചു. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ തീരുമാനം കോവളം കൊട്ടാരത്തിനും പാരയായി.
അങ്ങനെ 2002-ൽ എം ഫാർ ഗ്രൂപ്പിനു കൊട്ടാരം കൈമാറി. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യർഥന മാനിച്ച് 2004-ൽ സർക്കാർ ഏറ്റെടുക്കാനുള്ള ഓർഡിനൻസ് ഇറക്കി. എന്നാൽ അതിനു മുൻപ് തന്നെ എം ഫാർ ഗ്രൂപ്പ് കൊട്ടാരവും ഒൻപത് ഏക്കറോളം വരുന്ന വസ്തുവും ലീലാ ഗ്രൂപ്പിന് കൈമാറിയിരുന്നു.
സർക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽപോയ ലീല ഗ്രൂപ്പ് 2005-ൽ അനുകൂല വിധി വാങ്ങി. അതേ വർഷം സർക്കാർ കൊണ്ടുവന്ന നിയമവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിനുശേഷം വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും ഫലം കണ്ടില്ല.
ജനകീയ പ്രക്ഷോഭകർക്ക് ഊർജം പകരാൻ വിഎസും സംഘവും എത്തിയതോടെ സമരശൈലിക്കും പുതിയ മാനം വന്നു. ഭൂമാഫിയകൾക്ക് കൊട്ടാരം തീറെഴുതാൻ സമ്മതിക്കില്ലെന്ന അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം നടപ്പാക്കാൻ പിന്നെ വന്ന ഇടതു സർക്കാരിനുമായില്ല.
ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തണമെന്ന വാദവും നടപ്പാകതെ വന്നതോടെ കോടതിയുടെ പിൻബലത്തിൽ സർക്കാരിന്റെ പൈതൃക സ്വത്തും കൊട്ടാരവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലായി. സ്വന്തം പാർട്ടിയുടെ പോലും പൂർണ പിന്തുണയില്ലാതെ ഒരു ജനകീയ സമരത്തിന് ആവേശം പകരാനെത്തിയ വി.എസിന്റെ ചങ്കുറ്റമായിരുന്നു അന്നു പാർട്ടിക്ക് കരുത്തു പകർന്നത്.