കർക്കടക വാവുബലി: നഗരത്തിൽ ഗതാഗത നിയന്ത്രണം
1578252
Wednesday, July 23, 2025 6:52 AM IST
തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ടു തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇന്നു രാത്രി 10 മുതൽ നാളെ ഉച്ചയ്ക്കു ഒന്നുവരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലുമാണു വാഹനഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കും വാഹനഗതാഗതത്തിനും വാഹന പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനപാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ
കുമരിചന്ത കോവളം ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് ജംഗ്ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ, വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സർവീസ് റോഡ്, തിരുവല്ലം ജംഗ്ഷൻ പരശുരാമക്ഷേത്ര റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ ബിഎൻവി സ്കൂൾ വരെയുള്ള റോഡ്,
തിരുവല്ലം എൽ. പി സ്കൂൾ ജംഗ്ഷൻ മുതൽ സ്റ്റുഡിയോ ജംഗ്ഷൻ വരെയുള്ള റോഡ്, തിരുവല്ലം ഹൈവേയിലെ യു ടേൺ മുതൽ കുമരിചന്ത ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് വരെയുള്ള സ്ഥലങ്ങളിൽ ഒരു വാഹനവും പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
വിഴിഞ്ഞം ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്കു വരുന്ന ഗുഡ്സ്/ഹെവിവാഹനങ്ങൾ ഇന്ന് അർധരാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്നും ബാലരാമപുരം ഭാഗത്തേക്കു തിരിഞ്ഞു പോകണം.
ഈ വാഹനങ്ങൾ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേക്കു പോകുവാൻ അനുവദിക്കുന്നതല്ല. ചാക്ക ഭാഗത്തുനിന്നും വിഴിഞ്ഞം ഭാഗത്തേക്കു പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കൽനിന്നു തിരിഞ്ഞ് അട്ടക്കുളങ്ങര കിള്ളിപ്പാലം പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷൻ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ തിരുവല്ലം എൽപിഎസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞു പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം. ബിഎൻവി സ്കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്കു മാത്രം വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്.
വണ്ടിത്തടം ഭാഗത്തുനിന്നും തിരുവല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു വാഴമുട്ടം ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേക്ക് പോകണം. ബലി തർപ്പണത്തിനായി എത്തുന്ന നാലുചക്രവാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിനു സമീപം സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലും ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കുമരിചന്ത മുതൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപ്പാസ് റോഡിൽ ഇടത് വശം ചേർത്തും തിരുവല്ലം ഹൈവേയിലെ യു ടേൺ മുതൽ വാഴമുട്ടം ഭാഗത്തേക്ക് ബൈപ്പാസ് റോഡിന്റെ ഇടതുവശം ചേർത്തും നാലുചക്ര വാഹനങ്ങൾ പാർക്കു ചെയ്യാവുന്നതാണ്. ഇരുചക്ര വാഹനങ്ങൾ വേങ്കറ ക്ഷേത്രം സർവീസ് റോഡിൽ ഇരു ചക്ര വാഹനങ്ങൾക്ക് മാത്രം പ്രത്യേകമായുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
തിരുവല്ലം ഹൈവേയിലെ യു ടേൺ മുതൽ ടോൾഗേറ്റ് വരെ സർവീസ് റോഡിൽ ഇടതു വശം ചേർത്തും, സ്റ്റുഡിയോ ജംഗ്ഷൻ മുതൽ പാച്ചല്ലൂർ മോസ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ ഫോൺ നമ്പർ പുറമെ കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
നെയ്യാറ്റിൻകരയിലെ മേഖലയിലെ ചടങ്ങുകൾക്ക് ഒരുക്കങ്ങളായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ക്ഷേത്രങ്ങളിലും അരുവിപ്പുറം മുതലായ നെയ്യാറിന്റെ കടവുകളിലും നാളെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. നെയ്യാറ്റിന്‍കരയില്‍ ഏറ്റവും കൂടുതല്‍ പേര് ബലിതര്‍പ്പണത്തിനെത്തുന്നത് അരുവിപ്പുറത്താണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ അരുവിപ്പുറത്തെ നെയ്യാറിന്റെ കടവിലെ പിതൃതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.
പാലയ്ക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി പിതൃതര്‍പ്പണ കര്‍മവും തിലഹോമവും നാളെ പുലര്‍ച്ചെ മൂന്നു മണിമുതല്‍ ആരംഭിക്കും. പ്രായാധികൃമുള്ളവര്ക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ടിക്കറ്റുകള്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. പുതിച്ചല്‍ ശ്രീ അയണിയൂട്ടു തന്പുരാന് ക്ഷേത്രത്തിലും ഓലത്താന്നി തണ്ടളം നാഗരാജാ ക്ഷേത്രകടവിലും കർക്കടക വാവു ദിവസം രാവിലെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കും.