ജവഹർനഗർ വസ്തുതട്ടിപ്പ് :അനന്തപുരി മണികണ്ഠന്റെ സഹോദരന് അറസ്റ്റില്‍
1578253
Wednesday, July 23, 2025 6:52 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ആധാരമെഴുത്തുകാരനും കിള്ളിപ്പാലം പുത്തന്‍കോട്ട സ്വദേശിയുമായ അനന്തപുരി മണികണ്ഠന്റെ സഹോദരന് അറസ്റ്റില്‍.
മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എം.ആര്. ഹില്‍സ് ഗണപതിഭദ്ര വീട്ടില്‍ സി.എ. മഹേഷ് (44) ആണ് അറസ്റ്റിലായത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന വയോധിക ഡോറ അസറിയ ക്രിപ്സിന്റെ ഒന്നരക്കോടിയോളം രൂപ വില വരുന്ന ജവഹര്‍ നഗറിലെ വീടും വസ്തുവും വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയായി ചേര്‍ത്താണ് മഹേഷിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യണം. രജിസ്ട്രേഷന് ഫീസും അടയ്ക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി ലൈസന്‍സ് ഡ് ആധാരം എഴുത്തു കാര്‍ക്ക് രജിസ്ട്രേഷന് വകുപ്പ് ഒരു യൂസര്‍ ഐഡിയും പാസ്വേര്ഡും നല്‍കിയിട്ടുണ്ട്.
വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധരവും ജനറേറ്റ് ചെയ്ത് എടുത്തിരിക്കുന്നത് മഹേഷിന്റെ ലൈസന്‍സ്ഡ് അക്കൗണ്ടില്‍ നിന്നാണെന്നു പോലീസ് കണ്ടെത്തി. ഡോറയുടെ പേരിലുള്ള വീട് കഴിഞ്ഞ ജനുവരിയില്‍ കൊല്ലം സ്വദേശിനി മെറിന് ജേക്കബ് അതേമാസത്തില്‍ ശാസ്തമംഗലം പൈപ്പ്ലൈന് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ചന്ദ്രസേനനു വിലയാധാരം എഴുതിനല്‍കിയിരുന്നു.
ഡോറ അമേരിക്കയില്‍ താമസിച്ചുവരുന്ന സമയത്ത് ഇവര്‍ അറിയാതെയായിരുന്നു വ്യാജ രേഖകള്‍ ചമച്ചു വീടും വസ്തുവും തട്ടിയത്. ഡോറയുടെ വളര്ത്തുമകളാണു മെറിന് എന്നു വരുത്തിത്തീര്ത്താണു വസ്തുവിന്റെ പ്രമാണം നടത്തിയത്. ഇതിനായി ഡോറയോടു രൂപസാദൃശ്യമുള്ള കരകുളം സ്വദേശി വസന്തയെ കണ്ടെത്തുകയും അവരാണ് ഡോറ എന്നു സ്ഥാപിക്കുകയുമായിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച അനന്തപുരി മണികണ്ഠന്റെ ജാമ്യപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെ ഇയാള്‍ ഒളിവില്‍ക്കഴിയുകയാണ്. മണികണ്ഠനു പിന്നില്‍ ഒരു വന്‍സംഘം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
എസി സ്റ്റ്യുവട്ട് കീലറിന്റെ നിര്‍ദേശപ്രകാരം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, സൂരജ്, സിപിഒമാരായ ഉദയന്‍, രഞ്ജിത്ത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്, പത്മരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മഹേഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.