നെടുമങ്ങാട് മേഖലയിലെ ബലിതർപ്പണ ചടങ്ങുകൾ
1578254
Wednesday, July 23, 2025 6:52 AM IST
നെടുമങ്ങാട്: തേവിയാരുകുന്ന് ശ്രീധർമ ശാസ്താ ദേവീക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾ നാളെ പുലർച്ചെ നാലുമുതൽ തേവിയാരുകുന്ന് ക്ഷേത്ര ബലിക്കടവിൽ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി മുട്ടാർ രഞ്ജിത്ത് ശാന്തി മുഖ്യകാർമികത്വം വഹിക്കും. തില ഹോമത്തിനുള്ള സൗകര്യവും ഉണ്ടാകും.
ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾ രാവിലെ 4.30മുതൽ കരമനയാറിൻ തീരത്ത്, ആനന്ദേശ്വരം ശിവക്ഷേത്രക്കടവിലും അണിയൽക്കടവിലുമായി നടക്കും. വൈദിക പുരോഹിതന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
ബലി തർപ്പണ ചടങ്ങുകളുടെ നടത്തിപ്പിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. പനയ്ക്കോട് കണിയാരംകോട് ആയിരവല്ലി തമ്പുരാൻ മഠം ക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾ രാവിലെ അഞ്ചുമുതൽ നടക്കും. ചടങ്ങുകൾക്ക് ശങ്കരമംഗലം വിഷ്ണു പോറ്റി മുഖ്യകാർമികത്വം വഹിക്കും. തിലഹോമത്തിനും സൗകര്യമുണ്ടാകുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.
ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾ രാവിലെ അഞ്ചുമുതൽ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി സിബീഷ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഇറവൂർ ശിവജിപുരം മൂർത്തിയാർമഠം ശിവപ്രഭാക്ഷേത്രത്തിൽ രാവിലെ അഞ്ചുമുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകും.