പള്ളിമതിലില്നിന്നു സിപിഎം ഫ്ലക്സ് നീക്കംചെയ്ത ദളിത് കുടുംബത്തിനുനേരേ ആക്രമണം
1578256
Wednesday, July 23, 2025 6:52 AM IST
വെള്ളറട: പള്ളിയുടെ മതിലില്‍ സിപിഎം പ്രവർത്തകർ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡ് പള്ളി നേതൃത്വം ഇടപെട്ടു നീക്കം ചെയ്തതുമായി ബന്ധപ്പെട്ടു ദളിത് കുടുംബത്തിലെ നാലുപേർക്കു സിപിഎം മുന്‍ നേതാവിന്റെ മര്‍ദനം. പള്ളി നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഫ്ലക്സ് നീക്കം ചെയ്ത യുവാവുമായി സൗഹൃദത്തില്‍ കഴിഞ്ഞതാണ് പ്രതികാരത്തിനു കാരണം.
അമ്മയേയും രണ്ടു മക്കളേയും ബന്ധുവിനേയും നടുറോഡില്‍ ജാതിപ്പേരു വിളിച്ച് ആക്രമണം നടത്തിയ യുവാവിനെ മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പെരുങ്കടവിള ആങ്കോട് കൊടിത്തറ വീട്ടില്‍ ഗിരിജ, മക്കളായ രാജേഷ്, അഭിലാഷ്, ബന്ധുവായ അഖിലേഷ് എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്. പെരുങ്കടവിള ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ടൈല്‍സ് കടയ്ക്കു മുന്നില്‍ വച്ചായിരുന്നു ഇവര്‍ക്ക് നേരേ ആക്രമണമുണ്ടായത്. കടയിലുണ്ടായിരുന്ന പ്രതി ജയരാജ് ടൈല്‍സ് പണിക്കാരനായ രാജേഷ് കടയിലെത്തിയനേരം ജാതിപ്പേരു വിളിച്ചു കഴുത്തിനു പിടിച്ച് പുറത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
ഇതറിഞ്ഞെത്തിയ ഇയാളുടെ അമ്മയേയും സഹോദരന്മാരേയും ജയരാജ് ജാതിപ്പേരു വിളിക്കുകയും മര്‍ദിക്കുകയും, അമ്മയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണു പരാതി. തലക്കും കാലിനും പരിക്കേറ്റ രാജേഷ് അശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്നു രാത്രിയോടെ മാരായമുട്ടം പോലീസില്‍ നാലുപേരും പരാതി നല്‍കുകയും ചെയ്തു.
പ്രതിയായ പെരുങ്കടവിള അയിരൂര്‍ ചാരുംകുഴി പുത്തന്‍വീട്ടില്‍ ജോയ് എന്നുവിളിക്കുന്ന ജയരാജിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇന്നലെ പകരം ചാര്‍ജുള്ള കാട്ടാക്കട ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാക്കുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
പ്രതിയുമായി ഒരുവിധ ശത്രുതയോ അടുപ്പമോ ഉണ്ടായിരുന്നില്ലെന്നു കുടുംബം പറഞ്ഞു. ജയരാജിനു പാര്‍ട്ടി അംഗത്വവും ഭാരവാഹിത്വവും ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്നു സിപിഎം നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ സ്ഥിരം കുഴപ്പക്കാരനായ ഇയാള്‍ക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുണ്ട്.